ബദ്‌ലാപുർ പീഡനക്കേസ് പ്രതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

0

മുംബൈ: ബദ്‌ലാപുരിൽ നഴ്‌സറിക്കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അക്ഷയ് ഷിന്ദേ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിലായി കണക്കാക്കാനാവില്ലെന്നും പ്രഥമ ദൃഷ്ട്യാ തന്നെ ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോടതി പറഞ്ഞു.

പ്രതിയെ കീഴടക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന് എങ്ങനെയാണ് വിശ്വസിക്കുകയെന്നതുൾപ്പെടെ പോലീസിനെതിരേ ​നിരവധി ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. വ്യാജ ഏറ്റുമുട്ടലിലാണ് അക്ഷയ് ഷിന്ദയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

പ്രഥമ ദൃഷ്ട്യാതന്നെ ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പരിശീലനമില്ലാതെ സാധാരണ ഒരാള്‍ക്ക് പിസ്റ്റള്‍ ഉപയോഗിക്കാനാവില്ല. മൂന്ന് തവണ വെടിവെച്ചെന്നാണ് പറയുന്നത്. ഒന്ന് മാത്രമേ പോലീസ് ഉദ്യോഗസ്ഥന് കൊണ്ടിട്ടുള്ളൂ. ബാക്കി ബുള്ളറ്റുകള്‍ എവിടെയെന്നും കോടതി ചോദിച്ചു.

പ്രതിയെ മുട്ടിന് താഴെ വെടിവെക്കാമായിരുന്നല്ലോ എന്ന് കോടതി ചോദിച്ചപ്പോള്‍ പോലീസുകാരന് ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ലെന്നും ഉടനടിയുണ്ടായ പ്രതികരണമാണെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. പ്രതിയെ കീഴടക്കാന്‍ പോലീസിന് സാധിച്ചില്ലെന്ന് എങ്ങനെയാണ് വിശ്വസിക്കുകയെന്നും കോടതി ചോദിച്ചു.

അയാള്‍ മൂന്ന് തവണ വെടിവെക്കുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? എളുപ്പത്തില്‍ അയാളെ കീഴടക്കാമായിരുന്നു. അയാള്‍ വലിയ മനുഷ്യനായിരുന്നില്ല. ഇത് ഏറ്റുമുട്ടലായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രതി ജയിലില്‍നിന്ന് പുറത്തിറങ്ങിയതുമുതല്‍ കൊല്ലപ്പെടുന്നതുവരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിക്കാനും കോടതി നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെ കേസന്വേഷണത്തിന്റെ ഭാഗമായി അക്ഷയ് ഷിന്ദേയെ തലോജ ജയിലിൽനിന്ന് ബദ്‌ലാപുരിലേക്ക് കൊണ്ടുവരുംവഴി മുംബൈയിലായിരുന്നു സംഭവം. വാനിനുള്ളിലുണ്ടായിരുന്ന പോലീസുകാരന്റെ പിസ്റ്റൾ തട്ടിയെടുത്ത് അക്ഷയ് ഷിന്ദേ അസിസ്റ്റന്റ് ഇൻസ്പെക്ടർക്കുനേരെ വെടിയുതിർക്കുകയായിരുന്നെന്നും പോലീസ് തിരിച്ചു വെടിവെച്ചപ്പോൾ അക്ഷയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബദ്‌ലാപുരിലെ സ്കൂളിലെ ശുചീകരണത്തൊഴിലാളിയായിരുന്ന അക്ഷയ് നഴ്‌സറിക്കുട്ടികളെ പീഡിപ്പിച്ച കേസിൽ ഓഗസ്റ്റ് 17-നാണ് പിടിയിലാകുന്നത്. കേസിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാനിരിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനമായിരുന്നു സ്കൂളിന്റെ ശുചീകരണച്ചുമതലയുടെ കരാർ ഏറ്റെടുത്തിരുന്നത്. അവരാണ് അക്ഷയ് ഷിന്ദേയെ ജോലിക്ക് നിയോഗിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *