പോക്സോ കേസ്: മുകേഷ് ഉൾപ്പെടെ 7 പേർക്കെതിരെ പരാതി നൽകിയ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ
കൊച്ചി∙ നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴു പേർക്കെതിരെ പീഡന പരാതി നൽകിയ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. താൻ നിരപരാധിയാണെന്നും കേസന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ നടി, മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാകുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നടിയുടെ അടുത്ത ബന്ധുവായ യുവതി പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ നടി കാഴ്ചവച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പൊലീസ് നടിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തു. 2014ലാണ് സംഭവം എന്നാണ് യുവതി ആരോപിച്ചത്. സംഭവം നടക്കുമ്പോൾ തനിക്ക് 16 വയസ്സായിരുന്നു പ്രായമെന്നും സിനിമ ഓഡിഷനെന്നു പറഞ്ഞു തന്നെ ചെന്നൈയിലേക്കു കൊണ്ടുപോയെന്നു യുവതി പറയുന്നു. ഓഡിഷനെന്നു പറഞ്ഞ് ഒരു സ്ഥലത്തു കൊണ്ടുപോയെന്നും അവിടെയുണ്ടായിരുന്ന പുരുഷന്മാർ തന്നെ തൊടുകയും മറ്റും ചെയ്തെന്നും യുവതി പറഞ്ഞു. ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതി, അവർ നല്ലപോലെ നോക്കുമെന്ന് നടി തന്നോടു പറഞ്ഞതായും യുവതി പറയുന്നു. ഇതിനു പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച നടി, പരാതി ഉന്നയിച്ച യുവതിയുടെയും കുടുംബത്തിന്റെ ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഈ വിഷയത്തിലും നടിക്കെതിരെ കേസെടുത്തിട്ടുണ്ട്.
തനിക്കെതിരെ ഏതൊക്കെ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് അറിയില്ലെന്ന് നടി പറയുന്നു. പൊലീസിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വിവരാവകാശ പ്രകാരം വിവരം തേടിയെങ്കിലും ലഭിച്ചില്ല. തനിക്കു നേരെ ഉയർന്നിട്ടുള്ള പരാതി വ്യാജമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഒട്ടേറെ പ്രമുഖർക്കെതിരെ താൻ വെളിപ്പെടുത്തൽ നടത്തുകയും പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ട്. പരാതിക്കാരിയും അന്വേഷണ ഏജൻസിയും ചേർന്ന് തന്നെ മനഃപൂര്‍വം കുടുക്കാൻ ശ്രമിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. തനിക്ക് അറിയുക പോലുമില്ലാത്ത ഏതെങ്കിലും കേസിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇത് അടിയന്തരമായി തടയണമെന്നും ഹർജിയിൽ പറയുന്നു. നടിയുടെ ഹർജി വൈകാതെ പരിഗണിച്ചേക്കും.