പൂരം കലക്കൽ: തുടരന്വേഷണ സൂചന നൽകി മുഖ്യമന്ത്രി

0

തിരുവനന്തപുരം∙ തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകുമെന്ന സൂചന മന്ത്രിസഭാ യോഗത്തിൽ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എഡിജിപി എം.ആർ.അജിത് കുമാറിന്റെ പൂരം അന്വേഷണ റിപ്പോർട്ട് പൊലീസ് മേധാവിയുടെ ശുപാർശയോടെ തനിക്കു ലഭിച്ചതായി മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പരിശോധിക്കും. അതാണ് നടപടിക്രമം. അതിനുശേഷം കാര്യങ്ങൾ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ഡിജിപിയുടെ നേതൃത്വത്തിൽ വീണ്ടും അന്വേഷിക്കണോ എന്ന കാര്യം ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷമാകും തീരുമാനിക്കുക.

പൊലീസ് മേധാവി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിൽ വീഴ്ചയുണ്ടോ, പുതുതായി അന്വേഷണം നടത്തണോ, പുതിയ അന്വേഷണ വിഷയങ്ങൾ ഉള്‍പ്പെടുത്തണോ എന്നിവ അടക്കമുള്ള കാര്യങ്ങളാണ് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുക. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടരന്വേഷണത്തിൽ തീരുമാനമെടുക്കും. എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റുന്നതും ഇതിനുശേഷം ആകാനാണ് സാധ്യത.

തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിനു പങ്കുണ്ടെന്നും രാഷ്ട്രീയലക്ഷ്യം സംശയിക്കുന്നതായും എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായാണ് സൂചന. പൂരം നടത്തിപ്പിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ മേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന് പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ് ഇന്നലെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിട്ടത്.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നിലപാട് ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് വിശദമായ പരിശോധനയ്ക്ക് ആഭ്യന്തരവകുപ്പ് നിര്‍ബന്ധിതരായിരിക്കുന്നത്. എഡിജിപിയെ മാറ്റണമെന്നാണ് സിപിഐ നിലപാട്. ആര്‍എസ്എസ് ഉന്നത നേതാക്കളെ എഡിജിപി അജിത് കുമാര്‍ സന്ദര്‍ശിച്ച വിവരം പുറത്തുവന്നതോടെയാണ് പ്രതിപക്ഷവും ഘടകകക്ഷികളും അതിശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ മധ്യസ്ഥനായാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം. കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എം.വിന്‍സെന്റ് എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *