ആന്ധ്രാ പ്രദേശിനെ ഞെട്ടിച്ച വിവാദമെന്ത്?; ജഗൻമോഹനെ തല്ലാൻ നായിഡുവിന്റെ ‘ലഡു’
നെയ്യിൽ കുഴച്ചെടുത്ത നല്ല മധുരമൂറുന്ന ലഡു. വലുപ്പം കൊണ്ടും സ്വാദ് കൊണ്ടും എന്നും ജനപ്രിയമാണ് തിരുപ്പതി ലഡു. എന്നാൽ കുറച്ചു ദിവസങ്ങളായി ഒരു ലഡുവിനെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദമാണ് അരങ്ങേറുന്നത്. മൃഗക്കൊഴുപ്പ് ലഡുവിൽ ഉപയോഗിച്ചോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ച. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഭരണകാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും മറ്റും ഉപയോഗിച്ചെന്ന് ആന്ധാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചതിനു പിന്നാലെയാണു വിഷയം ചർച്ചയായത്.
ആരോപണം ഇന്ത്യയിലും വിദേശത്തുമുള്ള ഹിന്ദു സമൂഹത്തെ ഞെട്ടിച്ചു. പലരും ആരോപണങ്ങൾ ഏറ്റുപിടിച്ചു. നായിഡുവിന്റെ ആരോപണങ്ങളെ വൈഎസ്ആർ കോൺഗ്രസ് ശക്തമായി നിഷേധിച്ചെങ്കിലും നെയ്യേയും ലഡുവിനെയും ചുറ്റിപറ്റി ആന്ധ്രാപ്രദേശിൽ ഓരോ ദിവസവും ആരോപണ പ്രത്യാരോപണങ്ങൾ അരങ്ങേറുന്നു. എന്താണ് ലഡുവിനെ ചുറ്റിപറ്റിയുള്ള വിവാദം, തിരുപ്പതി ലഡുവിന്റെ പാരമ്പര്യമെന്താണ് അറിയാം, വിശദമായി.
300 വർഷം നീണ്ട പാരമ്പര്യം, ചിട്ടയോടെ നിർമാണം
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദങ്ങളിലൊന്നാണ് ലഡു. 300 വർഷത്തിലേറെയായി ക്ഷേത്രത്തിൽ ഇതു വിതരണം ചെയ്യുന്നുണ്ട്. 1715 ഓഗസ്റ്റ് രണ്ടാം തീയതി മുതലാണ് പ്രസാദമായി ലഡു വിതരണം ചെയ്തു തുടങ്ങിയത്. പ്രത്യേകം തയാറാക്കിയ അടുക്കളയില് വച്ചാണ് ഈ ലഡു പാകം ചെയ്യുന്നത്. ക്ഷേത്രത്തിനുള്ളിലെ സമ്പംഗി പ്രദക്ഷിണത്തിനുള്ളിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ലഡു തയാറാക്കുന്ന ഇടത്തെ ‘ലഡു പോട്ടു’ എന്നാണു വിളിക്കുക. പരമ്പരാഗതമായി ഒരു സമുദായത്തിൽപ്പെട്ടവരാണു ലഡു നിർമിക്കുന്നത്. പ്രത്യേക ചിട്ടയോടുകൂടിയാണ് ലഡുവിന്റെ നിർമാണം.
നിർമാണവേളയിൽ ലഡു തയാറാക്കുന്ന പാചകക്കാർ തങ്ങളുടെ തല മൊട്ടയടിക്കുകയും വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യും. ഏകദേശം 600ലധികം പേരാണ് ലഡു നിർമാണത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരെ പോട്ടു തൊഴിലാളികൾ എന്നാണു വിളിക്കുക. 150 സ്ഥിരം ജീവനക്കാരും 350ൽ അധികം കരാർ ജീവനക്കാരുമാണു പോട്ടുവിലുള്ളത്. ശരാശരി 2.8 ലക്ഷം ലഡു ഒരു ദിവസം ഉണ്ടാക്കുന്നുണ്ടെന്നാണു കണക്കുകൾ.
മൂന്നു വ്യത്യസ്ത തരത്തിലും വലുപ്പത്തിലുമുള്ള തിരുപ്പതി ലഡുകളാണു നിലവിൽ വിതരണം ചെയ്യുന്നത്. പ്രോക്തം ലഡു, ആസ്ഥാനം ലഡു, കല്യാണോത്സവം ലഡു എന്നിവ. ക്ഷേത്രത്തിൽ ദിനംപ്രതി എത്തുന്ന ഭക്തർക്കു വിതരണം ചെയ്യുന്നതാണ് പ്രോക്തം ലഡു. 65–67 ഗ്രാം തൂക്കമാണ് ഇവയ്ക്കുണ്ടാവുക. പ്രത്യേക ആഘോഷദിവസങ്ങളില് മാത്രം നിർമിക്കുന്ന ലഡുവാണ് ആസ്ഥാനം ലഡു. ഇതിന് 750 ഗ്രാം ഭാരമുണ്ട്. ബദാം, കുങ്കുമപ്പൂവ് എന്നിവയും ഇതിൽ ചേരുവകളായി ഉപയോഗിക്കാറുണ്ട്. കല്യാണോത്സവത്തിലും മറ്റു സേവകളിലും പങ്കെടുക്കുന്ന ഭക്തർക്കു വിതരണം ചെയ്യുന്നതാണ് കല്യാണോത്സവ് ലഡു. ഇതു വളരെ കുറച്ചു മാത്രമാണ് ഉണ്ടാക്കാറുള്ളത്.
ഒരിക്കൽ നിർമിച്ച ലഡു പായ്ക്ക് ചെയ്ത് 15 ദിവസം വരെ സൂക്ഷിക്കാനാകും. ഉണ്ടാക്കുന്ന ലഡുവിലെ ഓരോ ബാച്ചിലെയും ആദ്യ ലഡു വെങ്കിടേശ്വരനു സമർപ്പിക്കും. ക്ഷേത്രത്തിലെത്തുന്ന സന്ദർശകർക്ക് ഒരു ലഡു സൗജന്യമായി ലഭിക്കും. കൂടുതലായി വാങ്ങാൻ 50 രൂപയാണു നൽകേണ്ടത്.
തിരുപ്പതി ലഡുവിന്റെ കരിഞ്ചന്ത തടയുന്നതിനായി 2008ലാണ് തിരുപ്പതി ദേവസ്ഥാനങ്ങൾ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗിനായി റജിസ്റ്റർ ചെയ്തത്. 2009ൽ തിരുപ്പതി ലഡുവിന് പേറ്റന്റ് ലഭിച്ചു. 2017ൽ തിരുപ്പതി ലഡുവിനെ അനുസ്മരിപ്പിക്കുന്ന ഒരു തപാല് സ്റ്റാംപും പുറത്തിറക്കിയിരുന്നു.
നെയ്യിലും കടലമാവിലും ചേർത്തെടുത്ത സ്വാദ്, പരിശോധനകൾ കൃത്യം
തിരുപ്പതി ലഡു നിർമിക്കാനാവശ്യമായ ചേരുവകളുടെ അനുപാതത്തെ ദിട്ടം എന്നാണു വിളിക്കുക. 300 വർഷത്തെ പാരമ്പര്യത്തിൽ ആറു തവണ ചേരുവകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. നെയ്യ്, കടലമാവ്, കശുവണ്ടി, ഏലം, പഞ്ചസാര, ഉണക്കമുന്തിരി എന്നിവയാണു പ്രധാന ചേരുവകള്. പ്രതിദിനം ഏതാണ്ട് 500 ലീറ്റർ വരെ നെയ്യ് ലഡു നിർമിക്കാൻ ഉപയോഗിക്കുന്നുണ്ട്.
കൂടാതെ 10 ടൺ കടലമാവ്, 10 ടൺ പഞ്ചസാര, 700 കിലോ കശുവണ്ടി, 150 കിലോ ഏലം എന്നിവയും ലഡുവിനായി ഉപയോഗിക്കുന്നുണ്ട്. ഓരോ ആറുമാസത്തിലും ലഡു നിർമാണത്തിനാവശ്യമായ നെയ്യ് ലഭിക്കുന്നുണ്ടെന്നാണു ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. പ്രതിവർഷം ഏകദേശം 5 ലക്ഷം കിലോഗ്രാം നെയ്യാണ് ഉപയോഗിക്കാറുള്ളത്. ലേലത്തിലൂടെയാണ് ലഡു നിർമാണത്തിന് ആവശ്യമായ നെയ്യ് കണ്ടെത്താറുള്ളത്.
ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കിയതിനുശേഷം മാത്രമേ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നെയ്യ് ഉല്പന്നങ്ങൾ വിതരണക്കാരിൽനിന്നു വാങ്ങാറുള്ളു. മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ, അതു നിരസിക്കപ്പെടും. 2022 ജൂലൈ മുതൽ 2023 ജൂലൈ വരെ ടിടിഡി കുറഞ്ഞത് 42 ലോഡ് നെയ്യ് നിലവാരമില്ലാത്തതിനെ തുടർന്നു നിരസിച്ചു എന്നാണ് ടിടിഡി ഭാരവാഹികൾ പറയുന്നത്.
ക്ഷേത്രത്തിൽ തയാറാക്കുന്ന ഓരോ ബാച്ച് ലഡുവിന്റെയും ഗുണനിലവാരം അത്യാധുനിക ഭക്ഷ്യ പരിശോധനാ ലബോറട്ടറിയിൽ വച്ച് ഉറപ്പാക്കുന്നുണ്ട്. രണ്ട് നൂറ്റാണ്ടിലേറെയായി വിറക് അടുപ്പുകളിലാണു ലഡു തയാറാക്കിയത്. ഒപ്പം ലഡുവിന്റെ സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിലേക്ക് അയയ്ക്കാറുമുണ്ട്.
വിവാദമായത് മൃഗക്കൊഴുപ്പ്
ജൂൺ നാലിന് ആന്ധ്രാപ്രദേശിൽ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് ചന്ദ്രബാബു നായിഡു തിരുമല തിരുപ്പതി ദേവസ്ഥാനത്തിനു പുതിയ എക്സിക്യൂട്ടീവ് ഓഫിസറെ നിയമിക്കുന്നത്. തുടർന്നു ക്ഷേത്രത്തിലെ നെയ്യ് വിവിധ പരിശോധനകൾക്കായി അയച്ചു. രണ്ടാംഘട്ട ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് ലഡുവിൽ മൃഗക്കൊഴുപ്പ് അടക്കമുള്ള നിലവാരമില്ലാത്ത വസ്തുക്കൾ ഉൾപ്പെട്ടു എന്ന ആരോപണവുമായി ചന്ദ്രബാബു നായിഡു എത്തുന്നത്.
ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തെന്നാരോപിച്ച് തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള കമ്പനിക്കു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കാരണം കാണിക്കൽ നോട്ടിസ് അയച്ചു. ഇവിടെനിന്നു ശേഖരിച്ച സാംപിളിലും അസ്വാഭാവികത കണ്ടെത്തിയതായാണു വിവരം. കഴിഞ്ഞ നാലു വർഷമായി ഈ കമ്പനിയാണ് നെയ്യ് വിതരണം ചെയ്യുന്നതെന്നാണു വിവരം. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിനു പുറമേ, നെയ്യ് സാംപിളിൽ ഫൊറൻസിക് പരിശോധന വേണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയെ സമീപിച്ചു.
വിശ്വാസികളുടെ മൗലികാവകാശം ലംഘിച്ചതായി ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും സുദർശൻ ന്യൂസ് ടിവി എഡിറ്റർ സുരേഷ് ഷാവ്ഹാങ്കേയും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സമാന ആവശ്യവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) മുൻ അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്ന വൈ.വി. സുബ്ബറെഡ്ഡിയും സുപ്രീം കോടതിയെ സമീപിച്ചു. ആരോപണങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, ആരോപണങ്ങളിൽ അന്വേഷണത്തിനായി ആന്ധ്ര സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ലഡുവിലെ മൃഗക്കൊഴുപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം 4 മണിക്കൂർ ശുദ്ധികർമം നടന്നിരുന്നു.