ബദ്ലാപൂർ പീഡനക്കേസിലെ പ്രതി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു .
താനെ : ബദ്ലാപൂർ ബാലലൈംഗിക പീഡനക്കേസിലെ പ്രതിയായ അക്ഷയ് ഷിൻഡെയെ ഇന്ന് വൈകുന്നേരം തിങ്കളാഴ്ച ,താനെ യിലെ മുംബ്ര ബൈപാസിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി താനെ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. താനെ പോലീസിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഒരു പോലീസുകാരൻ്റെ പിസ്റ്റൾ തട്ടിയെടുക്കുകയും അനുഗമിക്കുന്ന പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തപ്പോൾ പ്രതിയെ പോലീസുകാർ തിരിച്ചു വെടിവെക്കുകയായിരുന്നു . പോലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഷിൻഡെ മൂന്ന് റൗണ്ട് വെടിയുതിർത്തതായും സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി പോലീസ് പറയുന്നു.
തലോജ ജയിലിലായിരുന്ന പ്രതിയെ വൈകുന്നേരം 5 :30 ന് ,പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം ആരോപിച്ച് 2022ൽ രണ്ടാം ഭാര്യ നൽകിയ മറ്റൊരു കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ താനെയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായി എന്നാണ് പോലീസ് ഭാഷ്യം.
ആഗസ്ത് 12, 13 തീയതികളിൽ സ്കൂളിലെ ശുചിമുറിയിൽ വെച്ച് നാല് വയസുള്ള രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് അക്ഷയ് ഷിൻഡെ അറസ്റ്റിലാകുന്നത് . പീഡനത്തിനിരയായവരിൽ ഒരാൾ മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മെഡിക്കൽ പരിശോധനയിൽ രണ്ട് പെൺകുട്ടികളും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു, ഓഗസ്റ്റ് 16 ന് ആദ്യത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഓഗസ്റ്റ് 17 ന് ഇയാൾ അറസ്റ്റിലാവുകയുമായിരുന്നു . മുംബൈ യിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ച സംഭവം കൂടിയായിരുന്നു ഇത്.