എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുന്നതു തടയാന്‍ ശ്രമിച്ച് മകള്‍

0

 

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ അന്ത്യയാത്രക്കിടെ നാടകീയ രംഗങ്ങള്‍. ഭൗതിക ശരീരം മെഡിക്കല്‍ കോളജിനു പഠനത്തിനായി വിട്ടുനല്‍കുന്നതിനെതിരെ രംഗത്തുവന്ന മകള്‍ ആശ ടൗണ്‍ഹാളില്‍ നിന്നു മൃതദേഹം മാറ്റുന്നതു തടഞ്ഞതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കത്തിനിടെയാണ്, നാലു മണിയോടെ മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.

ഫ്രീസറില്‍ കെട്ടിപ്പിടിച്ച് കിടന്ന് പ്രതിഷേധിച്ച ആശാ ലോറന്‍സിനെയും മകന്‍ മിലന്‍ ലോറന്‍സിനെയും ബന്ധുക്കള്‍ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് മൃതദേഹം കൊണ്ടുപോയത്. തര്‍ക്കത്തിനിടെയുണ്ടായ പിടിവലിയില്‍ മകള്‍ ആശ നിലത്തു വീണു. ലോറന്‍സിന്റെ കൊച്ചുമകനും ആശയ്‌ക്കൊപ്പമുണ്ടായിരുന്നു. മകളെയും കൊച്ചുമകനെയും ബലമായി പിടിച്ചുമാറ്റിയാണ്, ലോറന്‍സിന്റെ മൃതദേഹം ടൗണ്‍ഹാളില്‍നിന്നു മാറ്റിയത്. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവര്‍ത്തകരോട് ലോറന്‍സിന്റെ മകള്‍ ആശ കയര്‍ത്തു. ശേഷം സിപിഐഎം മൂര്‍ദാബാദെന്ന് ആശ വിളിച്ചുപറഞ്ഞു.

മൃതദേഹം പഠനത്തിനു വിട്ടുകൊടുക്കുന്നതിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകളുടെ വാദം കൂടി കേട്ട ശേഷം അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അതുവരെ മൃതദേഹം പഠനാവശ്യത്തിന് ഉപയോഗിക്കരുതെന്നും മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുമെന്ന് ജീവിച്ചിരുന്നപ്പോള്‍ തന്റെ പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു ആശയുടെ വാദം. എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മകന്‍ സജീവും പറയുന്നു.

മെഡിക്കല്‍ കോളജിന് കൈമാറണമെന്നുള്ള രേഖകള്‍ എന്തെങ്കിലുമുണ്ടോ എന്നായിരുന്നു കോടതി ചോദിച്ചത്. എന്നാല്‍ അനുയായികളോടും അടുപ്പമുള്ളവരോടും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മകന്‍ കോടതിയെ അറിയിച്ചത്. രണ്ട് മക്കള്‍ തയ്യാറാക്കിയ അഫിഡവിറ്റ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്. മകള്‍ ആശയുടെ പരാതിയും പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി തീരുമാനമെടുക്കുന്നതുവരെ മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *