ആദ്യടെസ്റ്റിൽ ഇന്ത്യ പഠിച്ച അഞ്ച് കാര്യങ്ങൾ; ബംഗ്ലാദേശ് പഠിക്കേണ്ടതും; കോലിയുടെ ഫോം, ടീം അതിജീവനം
ചെന്നൈ: ഏറ്റവും തുടക്കത്തില്‍ ബംഗ്ലാദേശ് പേസര്‍ ഹസന്‍ മഹ്‌മൂദ് തെല്ലൊന്നു വിറപ്പിച്ചതൊഴിച്ചാല്‍, തുടര്‍ന്നങ്ങോട്ടെല്ലാം ഇന്ത്യന്‍ ആധിപത്യം കണ്ട മത്സരമായിരുന്നു പരമ്പരയിലെ ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റ്. രണ്ടാം ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ, ബംഗ്ലാദേശിനെതിരേ 280 റണ്‍സിന്റെ വിജയം കൈവരിച്ചു. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും ജസ്പ്രീത് ബുംറയുമെല്ലാം ഇന്ത്യന്‍ വിജയത്തില്‍ മികച്ച സംഭാവനകള്‍ നല്‍കി.
പന്തിന്റെ തിരിച്ചുവരവ്
ഋഷഭ് പന്ത് എന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ അദ്ഭുതകരമായ തിരിച്ചുവരവിന് ഈ ടെസ്റ്റ് സാക്ഷ്യംവഹിച്ചു. കാറപകടത്തിനുശേഷം ടി20 ലോകകപ്പിലേക്ക് തിരിച്ചെത്തി കിരീടനേട്ടത്തില്‍ പങ്കാളിയായി. 21 മാസങ്ങള്‍ക്കുശേഷം ടെസ്റ്റിലും മടങ്ങിയെത്തി സെഞ്ചുറിയോടെ തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ 34-ന് മൂന്ന് എന്ന പരിതാപകരമായ നിലയില്‍നിന്ന് ഇന്ത്യയെ കൈപ്പിടിച്ചുയര്‍ത്തിയതും രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടിയതും വരവ് കളറാക്കി.
128 പന്തില്‍ 109 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യക്കാരനെന്ന എം.എസ്. ധോനിയുടെ റെക്കോഡിനൊപ്പമെത്താന്‍ ഋഷഭിന് കഴിഞ്ഞു. ഇരുവരുടെയും പേരില്‍ ആറു സെഞ്ചുറികളുണ്ട്. വിക്കറ്റിനു മുന്നിലെന്നപോലെ വിക്കറ്റിന് പിന്നിലും പന്ത് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
അതിജീവനം
മുന്‍നിരക്കാര്‍ തകര്‍ന്നാല്‍ പലപ്പോഴും അതുപോലെത്തന്നെ തകരുന്ന ഒരു സ്വഭാവമുണ്ടായിരുന്നു മുന്‍പ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക്. എന്നാല്‍ ഇത്തവണ മുന്‍നിര പാടേ തകര്‍ന്നിട്ടും മധ്യനിരക്കും വാലറ്റത്തിനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു എന്നുമാത്രമല്ല, വലിയ ടീം ടോട്ടലിലേക്ക് നയിക്കാനും അവര്‍ക്ക് കഴിഞ്ഞു.
തുടക്കത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ശുഭ്മാന്‍ ഗില്ലിനെയും ഋഷഭ് പന്തിനെയും മടക്കി ഹസന്‍ മഹ്‌മൂദ് ബംഗ്ലാദേശിന് വലിയ ബ്രേക്ക്ത്രൂ നല്‍കിയിരുന്നു. പക്ഷേ, എട്ടാമനായി ക്രീസിലെത്തിയ അശ്വിനും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ചേര്‍ന്ന് കളിയുടെ ഒഴുക്ക് മാറ്റി. അശ്വിന്റെ സെഞ്ചുറിയും ജഡേജയുടെ ചെറുത്തുനില്‍പ്പും ഇന്ത്യയുടെ സ്‌കോറിങ് ഉയര്‍ത്തി. തുടക്കത്തില്‍ ലഭിച്ച മേധാവിത്വം ബംഗ്ലാദേശിന് മുതലെടുക്കാനായില്ല. ഇത് ടീം ഇന്ത്യയുടെ അതിജീവനശേഷിയെയാണ് കാണിക്കുന്നത്. മികച്ച അതിജീവനശേഷി പ്രകടിപ്പിക്കുന്ന ഒരു ടീം നിരയാണ് ഇന്ത്യയുടേതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഗില്ലിന്റെ മികവ്
ശുഭ്മാന്‍ ഗില്ലിനെ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ പറ്റുന്ന താരമായാണ് സെലക്ടര്‍മാര്‍ കരുതുന്നത്. അതിനാല്‍ത്തന്നെ ഗില്ലില്‍നിന്ന് അതിനനുസരിച്ചുള്ള പ്രകടനം പുറത്തുവരേണ്ടത് നിര്‍ബന്ധമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയോടെ താരം ടെസ്റ്റ് തനിക്ക് നന്നായി വഴങ്ങുമെന്ന് സാക്ഷ്യപ്പെടുത്തി.
ഇതിനൊപ്പം ഗില്ല് ചോദിച്ചുവാങ്ങിയ മൂന്നാംനമ്പര്‍ പൊസിഷനില്‍ തന്റെ സ്ഥിരത ഉറപ്പിക്കാനുള്ള പ്രകടനവും നടത്താന്‍ കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ 176 പന്തില്‍ 119 റണ്‍സാണ് പുറത്താവാതെ താരം നേടിയത്. അവസാന അഞ്ച് ടെസ്റ്റുകളില്‍നിന്ന് ഗില്ലിന് മൂന്ന് സെഞ്ചുറികളുണ്ട്. കൂടാതെ ഇംഗ്ലണ്ടിനെതിരേ 91 റണ്‍സ്, 52 റണ്‍സ് എന്നിങ്ങനെ അര്‍ധ സെഞ്ചുറികളും നേടിയിരുന്നു.
പ്രായം തളര്‍ത്താത്ത അശ്വിന്‍
38 വയസ്സായി രവിചന്ദ്രന്‍ അശ്വിന്. പക്ഷേ, കളിക്കളത്തില്‍ ഇപ്പോഴും ചുറുചുറുക്കോടെ പന്തെറിയാനും ബാറ്റുവീശാനും കൈയും താരത്തിന്. ചെപ്പോക്ക് ടെസ്റ്റിലെ ഇന്ത്യയുടെ വിജയശില്പി അശ്വിനാണ്. ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്ന ഇന്ത്യയെ സെഞ്ചുറിയോടെ കൈപ്പിടിച്ചുയര്‍ത്തുകയും രണ്ടാം ഇന്നിങ്‌സില്‍ പന്തുകൊണ്ട് ആറുവിക്കറ്റുമായി മായാജാലം നടത്തുകയും ചെയ്തു.
144-ല്‍ ആറ് എന്ന നിലയിലായിരുന്നിടത്തുനിന്നാണ് എട്ടാമനായി ക്രീസിലെത്തി അശ്വിന്‍ സെഞ്ചുറി നേടിയത്. 133 പന്തുകൡ 113 റണ്‍സാണ് താരത്തിന്റെ നേട്ടം. ഇതില്‍ 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ 88 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളെടുത്തു. അശ്വിന്റെ ടെസ്റ്റിലെ 37-ാമത്തെ അഞ്ചുവിക്കറ്റ് പ്രകടനമാണിത്. 67 തവണ അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത മുത്തയ്യ മുരളീധരനാണ് ഇനി മുന്നിലുള്ളത്.
കോലിയുടെ ഫോം?
വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍നിന്ന് വിട്ടുനിന്നിരുന്നു വിരാട് കോലി. തുടര്‍ന്ന് നീണ്ട ഇടവേളയ്ക്കുശേഷമാണ് കോലി ടെസ്റ്റിലേക്ക് മടങ്ങിയെത്തുന്നത്. പക്ഷേ, ആ വരവില്‍ കരുത്തുകാട്ടാനായില്ല. ആദ്യ ഇന്നിങ്‌സില്‍ ആറു റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 37 പന്തില്‍ 17 റണ്‍സെടുത്തുനില്‍ക്കേ, മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. താരാധിക്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റില്‍ കോലിയുടെ ഫോമില്ലായ്മ വലിയ സങ്കീര്‍ണതകള്‍ക്ക് വഴിവെയ്ക്കും. ന്യൂസീലന്‍ഡിനെതിരായ പരമ്പരയും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുമെല്ലാം ഇനി ഇന്ത്യക്ക് മുന്നിലുണ്ട്.
ചെന്നൈ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ അമ്പയര്‍ എല്‍.ബി.ഡബ്ല്യു. വിധിച്ച് വിരലുയര്‍ത്തിയെങ്കിലും കോലി ഡി.ആര്‍.എസ്. എടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് റീപ്ലേയില്‍ ഇന്‍സൈഡ് എഡ്ജുള്ളതായി കാണുകയും അമ്പയറും രോഹിത്തും ഗില്ലും അടക്കമുള്ളവര്‍ നിരാശ പ്രകടപ്പിക്കുന്നത് കാണുകയും ചെയ്തു.