ബിഎസ്പി നേതാവിൻ്റെ കൊലപാതകത്തിൽ പ്രതിയായ ഗുണ്ടാസംഘം ചെന്നൈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ചെന്നൈ ∙ ബിഎസ്‌പി നേതാവ് കെ.ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ സീസിങ് രാജ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആന്ധ്രയിൽ ഒളിവിലായിരുന്ന ഇയാളെ ഇന്നലെ അറസ്റ്റുചെയ്തിരുന്നു. തെളിവെടുപ്പിനായി നീലങ്കരൈയിൽ എത്തിച്ചപ്പോൾ പ്രതി തോക്ക് ഉപയോഗിച്ച് ആക്രമിച്ചെന്നാണു പൊലീസ് പറയുന്നത്.
എ.അരുൺ ചെന്നൈ കമ്മിഷണറായി ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലയാണ്. ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 5 കൊലപാതകടക്കം 33 കേസുകളിൽ പ്രതിയാണ് ഇയാൾ. വയറ്റിലും നെഞ്ചിലും വെടിയേറ്റ പ്രതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.