വാതിൽ തുറന്നപ്പോൾ ഫ്രിജിനു ചുറ്റും പുഴുക്കൾ; ഫ്ലാറ്റിൽനിന്ന് ദുർഗന്ധമെന്ന് പരാതി,അലറിവിളിച്ച് ഓടിപ്പോയി’
ബെംഗളൂരു∙ രക്തത്തുള്ളികൾ വീണ ഫ്രിജിനു പുറത്ത് പുഴുക്കൾ കാത്തിരിക്കുന്ന കാഴ്ചയാണു പൂട്ടിക്കിടന്ന വാതിൽ തുറന്നപ്പോൾ കണ്ടതെന്ന് ബെംഗളൂരുവിൽ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ അമ്മ. ഒപ്പം അതികഠിനമായ ചീഞ്ഞ, മലീമസമായ മണവും. ബെംഗളൂരു പൊലീസ് തയാറാക്കിയ എഫ്ഐആറിലാണ് അമ്മ മീന റാണയുടെ മൊഴി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുപത്തിയൊൻപതുകാരിയായ നെലമംഗല സ്വദേശി മഹാലക്ഷ്മി ദാസിന്റെ ശരീരഭാഗങ്ങളാണ് വയാലിക്കാവിൽ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്മെന്റിലെ ഫ്രിജിൽനിന്നു കഷ്ണങ്ങളാക്കിയ നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നേപ്പാൾ സ്വദേശികളായ മീന റാണയും ഭർത്താവ് ചരൺ സിങ്ങും 35 വർഷങ്ങൾക്കുമുൻപാണ് ബെംഗളൂരുവിലേക്കു കുടിയേറിയത്.
അയൽക്കാരാണ് മഹാലക്ഷ്മിയുടെ സഹോദരൻ ഉക്കും സിങ്ങിനെ വിളിച്ച്, ഫ്ലാറ്റിൽനിന്ന് അസഹനീയമായ മണം വരുന്നുവെന്ന് അറിയിച്ചത്. ഇതേത്തുടർന്ന് പരിശോധനയ്ക്കായി എത്തിയതായിരുന്നു അമ്മ. വിവാഹിതയായ മഹാലക്ഷ്മി, ഭർത്താവും മകളുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ശനിയാഴ്ച മഹാലക്ഷ്മിയുടെ വീട്ടിലെത്തിയപ്പോൾ വീട് പുറത്തുനിന്നു പൂട്ടിയിട്ടതായി കണ്ടെത്തിയിരുന്നു. വീട്ടുടമസ്ഥനിൽനിന്ന് താക്കോൽ വാങ്ങി തുറന്നുനോക്കിയപ്പോൾ രൂക്ഷമായ ദുർഗന്ധമാണ് മൂക്കിലേക്ക് അടിച്ചുകയറിയത്.
‘‘ഫ്രിജിന് ചുറ്റും പുഴുക്കൾ തമ്പടിച്ചിരുന്നു. വസ്ത്രങ്ങളും ചെരുപ്പുകളും ബാഗുകളും സ്യൂട്ട്കെയ്സും ഉൾപ്പെടെ എല്ലാം ഫ്ലാറ്റിന്റെ ലിവിങ് റൂമിൽ വലിച്ചുവാരി അലങ്കോലമാക്കിയിട്ടിരിക്കുകയായിരുന്നു. ഫ്രിജിൽ രക്തത്തുള്ളികൾ കണ്ടെത്തുകയും ചെയ്തു. ഫ്രിജ് തുറന്നതോടെ കണ്ട കാഴ്ച ഞെട്ടിച്ചു. അലറിവിളിച്ച് ഉടൻതന്നെ ബന്ധുവിനെ അറിയിക്കാനായി ഞാൻ ഓടിപ്പോയി. അവനാണ് പൊലീസിനെ വിവരം അറിയിച്ചത്’’ – പൊലീസിനു നൽകിയ പരാതിയിൽ മീന റാണ പറഞ്ഞു. മഹാലക്ഷ്മിയുടെ സഹോദരി ലക്ഷ്മിയുടെ ഭർത്താവ് ഇമ്രാനാണ് മീനയ്ക്കൊപ്പം ഫ്ലാറ്റിലെത്തിയത്.
അവസാനമായി മകളും അമ്മയും തമ്മിൽ സംസാരിച്ചത് സെപ്റ്റംബർ രണ്ടിനാണെന്നും പരാതിയിൽ പറയുന്നു. 30ൽ പരം കഷ്ണങ്ങളായാണ് മഹാലക്ഷ്മിയുടെ ശരീരം മുറിച്ചിരിക്കുന്നത്. മല്ലേശ്വരത്തെ വസ്ത്രവ്യാവാര സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർ ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്.