അങ്കിതിനു വീഴ്ച സംഭവിച്ചെന്ന് അജിത്; പൂരം കലക്കിയതിൽ പൊലീസിനെതിരെ നടപടിക്ക് സാധ്യതയില്ല
തിരുവനന്തപുരം ∙ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ നിർദേശിക്കാതെ എഡിജിപി എം.ആർ.അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. അന്നത്തെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന് വീഴ്ച വന്നതായി റിപ്പോർട്ടിലുണ്ടെങ്കിലും നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് സൂചന. പൂരം നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങളാണ് ശുപാർശകളായി ഉള്ളത്.
പൂരം നടത്തിപ്പിലെ വിവാദങ്ങളെ തുടർന്ന്, കമ്മിഷണറായിരുന്ന അങ്കിത് അശോകനെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മാറ്റിയിരുന്നു. കമ്മിഷണർക്ക് വീഴ്ച വന്നതായി എഡിജിപിയുടെ റിപ്പോർട്ടിലുണ്ട്. പ്രശ്നങ്ങൾക്കു കാരണം അന്ന് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമായിരുന്നുവെന്നാണ് ഡിജിപിക്കു കൈമാറിയ റിപ്പോർട്ടിലുള്ളത്. റേഞ്ച് ഡിഐജിയും ഉത്തരമേഖലാ ഐജിയും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. കമ്മിഷണർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്താൽ മുതിർന്ന ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ചും ചോദ്യം ഉയരും. ഇതൊഴിവാക്കാനാണ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പരാമർശങ്ങൾ ഒഴിവാക്കിയതെന്നാണ് സൂചന.
പൂരത്തിന്റെ മുന്നൊരുക്ക യോഗങ്ങളിൽ ഏകപക്ഷീയ തീരുമാനങ്ങളെടുത്തു, ദേവസ്വങ്ങളെ വിശ്വാസത്തിലെടുത്തില്ല, പരാതികളിൽ കൃത്യമായി ഇടപെട്ടില്ല എന്നിവയടക്കമുള്ള വീഴ്ചകളാണ് അങ്കിത്തിനെതിരെ റിപ്പോർട്ടിലുള്ളത്. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ തൃശൂരിൽ താമസിച്ചു രാവിലെ തന്നെ അവിടേക്കു പോയി എന്നാണ് എഡിജിപി മുൻപ് ഡിജിപിയെ അറിയിച്ചിരുന്നത്. ഡിഐജി അജിതാ ബീഗത്തെ കമ്മിഷണർ അങ്കിത് വിവരങ്ങൾ അറിയിച്ചിരുന്നോ എന്നതിലും വ്യക്തതയില്ല.
ഏകദേശം 1500 പേജുള്ള റിപ്പോർട്ടിൽ അധികവും പൂരത്തിനു പതിവായി ഒരുക്കുന്ന സുരക്ഷാ വിന്യാസങ്ങളുടെ വിവരങ്ങളും ചിത്രങ്ങളുമാണ്. പൂരം അലങ്കോലപ്പെട്ടതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചനയും ഇടപെടലും ഉണ്ടായിട്ടുണ്ടെന്നാണ് സിപിഐ നിലപാട്.