ഏഷ്യയിലെ സ്കാം സിറ്റി ഡൽഹിയാണെന്ന് ഓസ്ട്രേലിയൻ വ്ലോഗർ.
ഏഷ്യയിലെ സ്കാം സിറ്റി ഡൽഹിയാണെന്ന് ഓസ്ട്രേലിയൻ വ്ലോഗർ. ഡൽഹിയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചുകൊണ്ടാണ് വ്ലോഗർ ഡൽഹിയെ സ്കാം സിറ്റി എന്ന് വിളിച്ചത്. ബെൻ ഫ്രയർ എന്ന് പേരുള്ള വ്യക്തി നിരവധി അവസരങ്ങളിൽ ഇന്ത്യ സന്ദർശിച്ചിട്ടുള്ള ഒരു ട്രാവൽ വ്ലോഗറാണ്. ഇദ്ദേഹം ഒരു വ്ലോഗിൽ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഡൽഹിയെ ഏഷ്യയിലെ “സ്കാം സിറ്റി” എന്ന് വിളിച്ചത്. വീഡിയോയിൽ നഗരത്തോടുള്ള തൻ്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചു.
മുമ്പ് ഡൽഹിയിൽ നിന്നും ഒരു മോശം അനുഭവം ഉണ്ടായതിനാൽ, ഇനി ഒരിക്കലും താൻ ഡൽഹിയിലേക്ക് വരില്ലെന്ന് ബെൻ ശപഥം ചെയ്തിരുന്നതായി വീഡിയോയിൽ പറയുന്നുണ്ട്. എന്നിരുന്നാലും ഒരു സഹ വ്ലോഗർ നിർബന്ധിച്ചതിനാലാണ് താൻ വീണ്ടും ഡൽഹിയിലേക്ക് എത്തിയതെന്ന് ബെൻ പറയുന്നു.
ഇനി ഒരു തട്ടിപ്പിന് ഇരയാകില്ലെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു തെരുവ് കച്ചവടക്കാരനിൽ നിന്ന് ഒരു പ്ലാസ്റ്റിക് കളിപ്പാട്ടം വാങ്ങുന്നതിനിടയിൽ തട്ടിപ്പിന് ഇരയായെന്നാണ് ബെൻ ഫ്രെയർ പറയുന്നത്.
150 രൂപയുടെ കളിപ്പാട്ടം വാങ്ങിയതിന് ശേഷം 500 രൂപയാണ് നൽകിയത്. വിൽപനക്കാരൻ മറ്റൊരാളുമായി സംസാരിച്ചതിന് ശേഷം ബാക്കിയുള്ള 350 രൂപ തിരികെ നൽകുന്നതിനുപകരം, ബെന്നിന് 200 രൂപയും മറ്റൊരു കളിപ്പാട്ടവും നൽകിയെന്നാണ് വീഡിയോയിൽ പറയുന്നത്.
“ഞാൻ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായ ഡൽഹിയിലേക്ക് മടങ്ങി! കഴിഞ്ഞ തവണ ഇന്ത്യയിൽ വന്ന ഒരു മോശം അനുഭവത്തിന് ശേഷം, ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് ഞാൻ സത്യം ചെയ്തു; എന്നിരുന്നാലും, ഒരു അവസാന സാഹസികതയിൽ അവനോടൊപ്പം ചേരാൻ എന്നോട് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ പോലെ ആകുമോ? നമുക്ക് കാണാം!” വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തുകൊണ്ട് യൂട്യൂബർ എഴുതി.