പെൺകുട്ടികളുടെ ശൗചാലയത്തിൽ ഒളിച്ചിരുന്ന് ദൃശ്യം പകർത്തിയ കോളേജ് വിദ്യാർഥി അറസ്റ്റിൽ;
ബെംഗളൂരു: കോളേജിലെ ശൗചാലയത്തില്‍ ഒളിച്ചിരുന്ന് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥി അറസ്റ്റിലായി. കുമ്പളഗോഡു മൈസൂരു റോഡിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ അവസാനവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മഗഡി റോഡ് സ്വദേശി കുഷാല്‍ ഗൗഡ(21)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു.
കോളേജില്‍ പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍ ഒളിച്ചിരുന്നാണ് കുഷാല്‍ ഗൗഡ മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തില്‍ ഏഴ് ശൗചാലയങ്ങളാണുണ്ടായിരുന്നത്. ഇതിലൊന്നില്‍ ഒളിച്ചിരുന്നാണ് പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ശൗചാലയത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ സമയം ശൗചാലയത്തിലെത്തിയ പെണ്‍കുട്ടിയാണ് വെന്റിലേറ്ററില്‍ മൊബൈല്‍ഫോണ്‍ വെച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. ഉടന്‍തന്നെ വിദ്യാര്‍ഥിനി ബഹളംവെയ്ക്കുകയും പുറത്തിറങ്ങി പ്രതി ഒളിച്ചിരുന്ന ശൗചാലയം പുറത്തുനിന്ന് പൂട്ടിയിടുകയുംചെയ്തു. തുടര്‍ന്ന് മറ്റുവിദ്യാര്‍ഥികളും അധ്യാപകരും എത്തി കുശാലിനെ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ചു. പിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി കോളേജ് അധികൃതരുടെ പരാതിയില്‍ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് ശൗചാലയത്തില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഏകദേശം 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് മൊബൈല്‍ഫോണിലുണ്ടായിരുന്നത്. പെണ്‍കുട്ടികളുടെ ശൗചാലയത്തിന് സമീപം കോളേജ് അധികൃതര്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നില്ലെന്നും വനിതാ ജീവനക്കാരെ ഇവിടെ നിയോഗിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.