സുരക്ഷാ കൗൺസിൽ മുതൽ ബഹിരാകാശ സാങ്കേതികത വരെ ; മോദി–ബൈഡൻ കൂടിക്കാഴ്ച

0

വാഷിങ്ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി സുരക്ഷാ കൗൺസിൽ മുതൽ ബഹിരാകാശ സാങ്കേതികത വരെ. ഇന്ത്യ–യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ നൽകിയ സംഭവാനകളെ പ്രധാനമന്ത്രി പ്രശംസിച്ചു. ഇരുനേതാക്കളുടെയും രാജ്യ സന്ദർശനങ്ങളെ കുറിച്ച് പരാമർശിച്ച മോദി, ഈ സന്ദർശനങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതായി അഭിപ്രായപ്പെട്ടു.

ബഹിരാകാശം, സെമികണ്ടക്ടേഴ്സ്, ആധുനിക ടെലികമ്യൂണിക്കേഷൻ തുടങ്ങിയ തന്ത്രപ്രധാന സാങ്കേതിക മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തിയ ക്രിട്ടിക്കൽ എമർജിങ് ടെക്നോളജിയെ ഇരുനേതാക്കളും പ്രശംസിച്ചു. നിർമിത ബുദ്ധി, ക്വാണ്ടം, ബയോടെക്നോളജി, ഊർജം എന്നീ മേഖലകളിൽ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനായി ഇടപെടലുകൾ വർധിപ്പിക്കേണ്ടതിനെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഉഭയകക്ഷി സൈബർ സുരക്ഷാ ചർച്ചയിൽ സൈബർഇടങ്ങളിലെ സഹകരണത്തിനുള്ള പുതിയ സംവിധാനങ്ങൾ നേതാക്കൾ അംഗീകരിച്ചു. നാസയും ഐഎസ്ആർഒയും ഒന്നിച്ച് ബഹിരാകാശ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി നേതാക്കൾ സ്വാഗതം ചെയ്തു.

ഡെലാവറിൽ തനിക്ക് ആതിഥ്യമരുളിയതിന് ജോ ബൈഡന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ചർച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തിൽ പ്രാദേശിക – ആഗോള വിഷയങ്ങൾ ചർച്ച ചെയ്തെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ‘ഇന്തോ – പസഫിക് മേഖലയും അതിനുമപ്പുറവുമുള്ള ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ചും ഇരുവരും കാഴ്ചപ്പാടുകൾ പങ്കുവെച്ചു’ – രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *