മദ്യലഹരിയിൽ അരുംകൊല; മകളുമായുള്ള വിവാഹത്തിന് സമ്മതിച്ചു, ഓണാഘോഷത്തിന് അരുണിനെ ക്ഷണിച്ച് പ്രസാദ്
കൊല്ലം∙ മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. അരുണിന്റെ ശ്വാസകോശത്തിലെ മുറിവാണ് മരണകാരണമായത്.
പ്രസാദിന്റെ മകളുമായി അരുൺ സൗഹൃദത്തിലായിരുന്നു. മുൻപും അരുണിനെ പ്രസാദ് ഭീഷണിപ്പെടുത്തി. ഇരവിപുരം പൊലീസിൽ ഇതുസംബന്ധിച്ച് പരാതിയുണ്ടായിരുന്നു. വിവാഹം നടത്തികൊടുക്കാമെന്ന് പിന്നീട് പ്രസാദ് പറഞ്ഞിരുന്നു. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളിൽ പ്രസാദ് അരുണിനെയും പങ്കെടുപ്പിച്ചു. ഓണാഘോഷത്തിനും അരുണിനെ പ്രസാദ് വിളിച്ചു. എന്നാൽ മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കുന്നയാളാണ് പ്രസാദെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയിൽ അരുണുമായി വാക്കേറ്റമുണ്ടായശേഷം പ്രസാദ് കുത്തുകയായിരുന്നു.
പ്രസാദിനെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി–1 റിമാൻഡ് ചെയ്തു. കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണു കൊലപാതകം നടന്നത്. അരുണിനെ കുത്തിയശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കി പ്രതിയെ ഇന്നലെ വെസ്റ്റ് പൊലീസിനു കൈമാറി. വെസ്റ്റ് പൊലീസ് ആണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.