അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക്:ശ്രീലങ്ക തിരഞ്ഞെടുപ്പ്
കൊളംബോ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം കാഴ്ചവച്ച് നാഷണൽ പീപ്പിൾസ് പവർ(എൻപിപി) നേതാവ് അനുരാ കുമാര ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക്. ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പ്രകാരം ഇതുവരെ എണ്ണിയ വോട്ടുകളിൽ 53% വോട്ടുകളും അദ്ദേഹം കരസ്ഥമാക്കി. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ 22% വോട്ടുകളുമായി രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ്.
തപാൽ വോട്ടെണ്ണൽ സൂചന നൽകുന്നത് ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റാകുമെന്നാണ്. ഏഴ് നിയോജക മണ്ഡലങ്ങളിലെ തപാൽ വോട്ടെണ്ണൽ ഫലങ്ങൾ എൻപിപി നേതാവ് അനുരാ കുമാര ദിസനായകെയ്ക്ക് അനുകൂലമാണ്. 70 ശതമാനം പോളിങ്ങാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നാടുവിട്ടിരുന്നു. ഇതിനെ തുടർന്ന് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ്.