രക്ഷകരായി മലയാളികൾ; ഒഡീഷയെ 2–1ന് വീഴ്ത്തി പഞ്ചാബ്
ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 11–ാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നേടിയ വിജയം ‘ഒറ്റപ്പെട്ട’ സംഭവമല്ലെന്ന് തെളിയിച്ച് പഞ്ചാബ് എഫ്‍സി. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇത്തവണ പഞ്ചാബ് എഫ്‍സിക്കു മുന്നിൽ വീണത് കരുത്തരായ ഒഡീഷ എഫ്‍സി. ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പഞ്ചാബ് എഫ്‍സിയുടെ വിജയം. പഞ്ചാബിന്റെ രണ്ടു ഗോളുകളും സ്വന്തമാക്കിയത് മലയാളി താരങ്ങളാണെന്നതും ശ്രദ്ധേയം.
മത്സരത്തിന്റെ ഇരുപകുതികളിലുമായി മലയാളി താരം നിഹാൽ സുധീഷ് (28–ാം മിനിറ്റ്), ലിയോൺ അഗസ്റ്റിൻ (89–ാം മിനിറ്റ്) എന്നിവരാണ് പഞ്ചാബിനായി ലക്ഷ്യം കണ്ടത്. ഇൻജറി ടൈമിൽ പഞ്ചാബ് താരം രവി കുമാർ വഴങ്ങിയ സെൽഫ് ഗോളാണ് മത്സരത്തിൽ ഒഡീഷയുടെ ഏക ആശ്വാസം. കേരള ബ്ലാസ്റ്റേഴ്സ് താരമായ നിഹാൽ സുധീഷ്, ഒരു വർഷത്തെ ലോൺ വ്യവസ്ഥയിലാണ് ഈ സീസണിൽ പഞ്ചാബ് എഫ്‍സിക്കു കളിക്കുന്നത്.
മത്സരത്തിൽ ആദ്യ ഗോൾ നേടിയ നിഹാൽ സുധീഷ്‍, ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ പരുക്കേറ്റ് രണ്ടു മാസത്തേക്ക് പുറത്തായ ലൂക്കാ മജ്സെന്റെ ജഴ്സി ഉയർത്തിക്കാട്ടിയാണ് ഗോൾനേട്ടം ആഘോഷിച്ചത്.
28–ാം മിനിറ്റിൽ ഫിലിപ് മിർയാക്കിന്റെ പാസ് സ്വീകരിച്ച് ഇടതുവിങ്ങിൽനിന്ന് നിഹാൽ തൊടുത്ത ഷോട്ട് ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ റിക്കി ഷബോങ് നൽകിയ ത്രൂബോൾ സ്വീകരിച്ചാണ് ലിയോൺ അഗസ്റ്റിൻ ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിലും നിഹാൽ സുധീഷ് ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും, ഗോൾപോസ്റ്റ് വില്ലനായി.
വിജയത്തോടെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ പഞ്ചാബ് എഫ്‍സി രണ്ടാം സ്ഥാനത്തെത്തി. ബെംഗളൂരു എഫ്‍സിക്കൊപ്പം പഞ്ചാബിനും രണ്ടു മത്സരങ്ങളും ജയിച്ചതുവഴി ആറു പോയിന്റുണ്ടെങ്കിലും, ഗോൾശരാശരിയിലെ മികവാണ് ബെംഗളൂരുവിനെ ഒന്നാം സ്ഥാനത്തു നിർത്തുന്നത്.