വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേൾക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് കണക്കുകളാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.മെമ്മോറാണ്ടത്തിന്റെ കണക്കുകൾ ചെലവിന്റെ കണക്കായി കാണിച്ചാണ് വ്യാജവാർത്ത ഉണ്ടാക്കിയത്.
ഇതുവഴിദ്രോഹിച്ചത് ഇരകളായ ജനങ്ങളെയാണ്. കേന്ദ്ര നിർദേശം കൃത്യമായി പാലിച്ച് തയാറാക്കിയ മെമ്മോറാണ്ടമാണ്. ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ മെമ്മോണ്ടും തയ്യാറാക്കാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനു ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ചിലരിൽ അസ്വാരസ്യം ഉണ്ടാക്കി. അതാണ് ഇപ്പോൾ പുറത്തുവന്ന വ്യാജ വാർത്തയ്ക്ക് പിന്നിൽ. ദുഷ്ട ലക്ഷ്യമാണ് ഇതിനുപിന്നിൽ. ഇതൊരു സാധാരണ മാധ്യമപ്രവർത്തനമല്ല. നശീകരണ മാധ്യമപ്രവർത്തനമാണ്. ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. മാധ്യമങ്ങൾ വിവാദ നിർമ്മാണശാലകളായി മാറി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കച്ചവട രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുക എന്ന നിലയിലേക്ക് അധഃപതിക്കുന്ന അവസ്ഥ വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു.