അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു കൂട്ടുപ്രതി ഡോ.ശ്രീക്കുട്ടി
ശാസ്താംകോട്ട : മദ്യലഹരിയിൽ കാർ കയറ്റിയിറക്കി മൈനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കരുനാഗപ്പള്ളി സ്വദേശി അജ്മലിനെതിരെ കൂട്ടുപ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഡോ.ശ്രീക്കുട്ടിയുടെ (27) മൊഴി. അജ്മൽ നിർബന്ധിച്ച് മദ്യം കുടുപ്പിച്ചെന്നാണ് ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞത്. മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോളെ (45) കൊലപ്പെടുത്തിയ കേസിൽ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.മൈനാഗപ്പള്ളി ആനൂർക്കാവിൽ തിരുവോണ ദിനത്തിൽ വൈകിട്ട് 5.47നായിരുന്നു അപകടം. റോഡിൽ വീണ കുഞ്ഞുമോളുടെ മേൽ, കണ്ടു നിന്നവർ തടഞ്ഞിട്ടും കാർ കയറ്റിയിറക്കുകയായിരുന്നു. കടയിൽനിന്നു സാധനങ്ങൾ വാങ്ങി കുഞ്ഞുമോൾ ബന്ധുവായ ഫൗസിയ ഓടിച്ചിരുന്ന സ്കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോഴാണ് പാഞ്ഞെത്തിയ കാർ ഇവരെ ഇടിച്ചു തെറിപ്പിച്ചത്.
20 ലക്ഷംരൂപയും സ്വർണാഭരണവും അജ്മൽ തട്ടിയെടുത്തെന്നും അത് തിരികെ കിട്ടാനാണ് സൗഹൃദം നിലനിർത്തിയതെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി. തിരുവോണ ദിവസവും തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. കാറിന്റെ പിൻസീറ്റിലാണ് ഇരുന്നത്. കുഞ്ഞുമോൾ വീണതോ കാർ ദേഹത്തു കയറിയതോ കണ്ടില്ല. താൻ നിരപരാധിയാണെന്നും കെണിയിൽ വീണതാണെന്നും ശ്രീക്കുട്ടി മൊഴി നൽകി.അപകടത്തിനു ശേഷം നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് കാറുമായി പാഞ്ഞതെന്നും കാറിന്റെ പിൻസീറ്റിലിരുന്ന ഡോക്ടറെ അനാവശ്യമായി പ്രതിയാക്കിയെന്നും പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടാൽ ജനങ്ങൾ ആക്രമിക്കുമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സ്കൂട്ടറിൽ കാർ തട്ടിയത് വരെ മാത്രമാണ് അപകടമെന്നും തുടർന്നു നടന്നത് ക്രൂരമായി നരഹത്യയാണെന്നും രക്ഷാപ്രവർത്തനത്തിനു മുതിരാതെ വണ്ടിയെടുക്കാൻ പ്രേരിപ്പിച്ച ഡോക്ടർ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മൂന്ന് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസം മാത്രമാണ് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അനുവദിച്ചത്.