ഇന്ത്യയ്ക്ക് 227 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്: നാലു വിക്കറ്റുമായി പടനയിച്ച് ബുമ്ര, ബംഗ്ലദേശ് 149നു പുറത്ത്;
ചെന്നൈ∙ ഇന്ത്യയ്‍ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ബംഗ്ലദേശ് 149 റൺസിന് പുറത്ത്. 47.1 ഓവറിലാണ് ബംഗ്ലദേശ് ഓൾഔട്ടായത്. 64 പന്തിൽ അഞ്ച് ഫോറുകളോടെ 32 റൺസെടുത്ത ഷാക്കിബ് അൽ ഹസനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര 11 ഓവറിൽ 50 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ശേഷിക്കുന്ന വിക്കറ്റുകൾ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ പങ്കിട്ടു. 227 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ, രണ്ട് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ അഞ്ച് റൺസോടെയും യശസ്വി ജയ്സ്വാൾ 10 റൺസോടെയും ക്രീസിൽ. ഇന്ത്യയ്ക്കിപ്പോൾ ആകെ 242 റൺസിന്റെ ലീഡുണ്ട്.
ഷാക്കിബിനു പുറമേ ബംഗ്ലാ നിരയിൽ രണ്ടക്കം തൊട്ടത് അഞ്ച് പേരാണ്. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ 30 പന്തിൽ 20 റൺസെടുത്തും ലിട്ടൺ ദാസ് 42 പന്തിൽ 22 റൺസെടുത്തും ടസ്കിൻ അഹമ്മദ് 21 പന്തിൽ 11 റൺസെടുത്തും നഹീദ് റാണ 11 പന്തിൽ 11 റൺസെടുത്തും പുറത്തായി. മെഹ്ദി ഹസൻ മിറാസ് 52 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർമാരായ ഷദ്മൻ ഇസ്‍ലാം (2), സാക്കിർ ഹസൻ (3), മോമിനുൽ ഹഖ് (0), മുഷ്ഫിഖുർ റഹിം (8), ഹസൻ മഹ്മൂദ് (9) എന്നിവർ നിരാശപ്പെടുത്തി.
ജസ്പ്രീത് ബുമ്ര 11 ഓവറിൽ 50 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. മുഹമ്മദ് സിറാജ് 10.1 ഓവറിൽ 30 റൺസ് വഴങ്ങിയും ആകാശ് ദീപ് അഞ്ച് ഓവറിൽ 19 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ എട്ട് ഓവറിൽ 19 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
∙ പേസ് കരുത്തിനു മുന്നിൽ വിറച്ച് ബംഗ്ലദേശ്
40 റൺസെടുക്കുന്നതിനിടെ ബംഗ്ലദേശിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു. കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ആകാശ് ദീപ് സാക്കിര്‍ ഹസനെയും മൊമീനുൾ ഹഖിനെയും ബോൾഡാക്കുകയായിരുന്നു. ഓപ്പണർ ശദ്മൻ ഇസ്‍ലാം ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബോൾഡായി. വെള്ളിയാഴ്ച ലഞ്ചിന് പിന്നാലെ നജ്മുൽ ഹുസെയ്‍ൻ ഷന്റോയെ മുഹമ്മദ് സിറാജിന്റെ പന്തിൽ വിരാട് കോലി ക്യാച്ചെടുത്തു പുറത്താക്കി. ബുമ്രയ്ക്കാണ് മുഷ്ഫിഖറിന്റെ വിക്കറ്റ്.