മലയാളിയുടെ പരാതി മുംബൈ ഹൈക്കോടതി അംഗീകരിച്ചു. ലോക്കൽ ട്രെയിനിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക കോച്ച്
മുംബൈ : തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് ബുദ്ധിമുട്ട് ലഘൂകരിക്കാനുള്ള നീക്കത്തിൽ, ഉടൻ അവർക്കായി പ്രത്യേക കോച്ച് ഒരുക്കാൻ റെയിൽവേ അധികാരികളോട് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു.
മുംബൈയിലെ ലോക്കൽ ട്രെയിൻ ശൃംഖലയിൽ നിലവിൽ പരിമിതമായ റിസർവ്ഡ് സീറ്റിംഗ് കാരണം ബുദ്ധിമുട്ടുന്ന പ്രായമായവർക്ക് പുതിയ സൗകര്യം കാര്യമായ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. മുതിർന്ന പൗരന്മാർ സബർബൻ വണ്ടികളിൽ യാത്രചെയ്യുമ്പോൾ അനുഭവിക്കുന്ന കഷ്ട്ടതകൾ ചൂണ്ടിക്കാട്ടി മുൻ അഭിഭാഷകനും ഹൈക്കോടതി ജഡ്‌ജിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.പി.പുരുഷോത്തമൻ നായർ നൽകിയ പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് ഹൈക്കോടതിയുടെ നിർദേശം. , ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സ്വന്തം അനുഭവത്തിലൂടെ വിവരിച്ചുകൊണ്ടാണ്
കഴിഞ്ഞവർഷം കെപിപിനായർ കോടതിയിൽ പരാതി നൽകിയിരുന്നത്.ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, വിഷയം തീർപ്പാക്കാൻ സെൻട്രൽ റെയിൽവേ , പശ്ചിമ റെയിൽവേ എന്നിവയോട് കോടതി നിർദേശിച്ചു. കഴിഞ്ഞ ഫെബ്രവരിയിൽ തന്നെ റെയിൽവേ ബോർഡ് ഇതംഗീകരിച്ചിരുന്നു.പക്ഷേ പ്രാവർത്തികമാക്കിയിരുന്നില്ല.തീവണ്ടിയുടെ നടുഭാഗത്തായിവരുന്ന ലഗ്ഗേജ് കമ്പാർട്ട്‌മെന്റ് പ്രായമായവർക്കുള്ള കൊച്ചാക്കിമാറ്റാനാണ് റെയിൽവേ തീരുമാനം.നിലവിൽ ഈ കോച്ചിലുള്ള ആറു സീറ്റുകൾ ഉപയോഗിക്കാം .
കഴിഞ്ഞ വർഷം ഏപ്രിലിൽ പുരുഷോത്തമൻ നായർ നൽകിയ റിട്ട് ഹരജി പരിഗണിച്ചുകൊണ്ട്നഗരത്തിലെ സ്‌കൈവാക്കുകളിൽ മുതിർന്ന പൗരന്മാർക്ക് കൂടി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് മുംബൈ ഹൈക്കോടതി മുംബൈ മുനിസിപ്പൽ കോർപ്പറേഷ്ന് നിർദ്ദേശം നൽകിയിരുന്നു.
ബാന്ദ്ര റെയിൽവെ സ്റ്റേഷനിൽ നിന്ന് ബികെസി ഭാഗത്തേക്ക് ഒരു നടപ്പാത മാത്രമേയുള്ളൂ എന്നും
ഇവിടെ തിരക്കേറിയതിനാൽ പല അപകടങ്ങളും സംഭവിക്കുന്നുണ്ടെന്നും മുതിർന്ന പൗരന്മാർക്ക് സുരക്ഷിതമായ യാത്ര ലഭിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ബാന്ദ്ര നിവാസി കൂടിയായ നായർ കോടതിയെ സമീപിച്ചിരുന്നത്. അതിനെ തുടർന്ന് ബാന്ദ്രയിൽ മാത്രമല്ല നഗരത്തിലെ മറ്റെല്ലാ സ്‌കൈവാക്കുകളിലും നിർദ്ദേശം പ്രവർത്തികമാക്കണം എന്നും കോടതി നിർദ്ദേശിച്ചു .കൂടാതെ ബാന്ദ്ര ഈസ്റ്റിൽ നിന്ന് HDIL ടവർ വരെ 200 മീറ്റർ നടപ്പാത പണിയണം എന്ന നായരുടെ അപേക്ഷയിലും നടപടിയെടുക്കാൻ കോടതി നഗരസഭയ്ക്ക് നിർദ്ദേശം അന്ന് നൽകിയിരുന്നു. ആലുവ സ്വദേശിയാണ് അഡ്വ.കെ.പി.പുരുഷോത്തമൻ നായർ.