കോട്ടയം സ്വദേശിക്ക് എയർഗണ്ണിൽ നിന്നും വെടിയേറ്റു: കുവൈത്ത്‌സിറ്റി
കുവൈത്ത്‌സിറ്റി ∙ കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം. കോട്ടയം ചങ്ങനാശേരി ആരമലകുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് എയര്‍ഗണ്‍ ആക്രമണത്തിൽ വെടിയേറ്റത്. ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടുകൂടി താമസസ്ഥലമായ മെഹ്ബൂലയിൽ വച്ചായിരുന്നു സംഭവം.
ഫ്ലാറ്റിൽ നിന്ന് സമീപത്തുള്ള ജോലി സ്ഥലത്തേക്ക് പോകുന്നതിനായ് ഇലക്ട്രിക് സ്‌കൂട്ടറില്‍ കയറുന്നതിനിടയിൽ ഒരു വെടി ശബ്ധവും ഒപ്പം തന്റെ ശരീരത്തില്‍ എന്തോ പതിച്ചതായും ഫാസിലിന് അനുഭവപ്പെട്ടു. തുടര്‍ന്ന്, ഇടത് വശത്ത് നെഞ്ചിനും തോളിനുമിടയിൽ നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടൻ തന്നെ കൂടെ താമസിക്കുന്ന കൊല്ലം സ്വദേശിയായ വിനീഷിനെ വിളിച്ച് കാര്യം അറിയിച്ചു.
വിനീഷെത്തി ഫാസിലിനെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിതന്നെ ശരീരത്തില്‍ തുളച്ചുകയറിയ പെല്ലറ്റ് നീക്കം ചെയ്തു. സംഭവത്തിൽ പൊലീസ് ഫാസിലിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ആശുപത്രി വിടും.