‘ബോളിവാഡ് റൺവേ ഏരിയ’ നിർമാണം തുടങ്ങി റിയാദ്
റിയാദ്: കരമാർഗമുള്ള നീണ്ട യാത്രക്ക് ശേഷം സൗദി എയർലൈൻസിെൻറ പഴയ മൂന്ന് ബോയിങ് 777 വിമാനങ്ങൾ റിയാദിലെ ബോളിവാഡ് റൺവേ ഏരിയയിലെത്തി. ജിദ്ദയ്ക്കും റിയാദിനുമിടയിൽ വിവിധ റോഡുകൾ മാറിമാറി 11 ദിവസം നീണ്ട, 1000ത്തിലധികം കിലോമീറ്റർ പിന്നിട്ട സാഹസിക യാത്രക്കെടുവിലാണ് ഈ ആകാശയാനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നത്. വിമാനങ്ങളെയും വഹിച്ചുവന്ന ട്രക്കുകൾ റിയാദ് നഗരതിർത്തിയിൽ ബൻബൻ പാലത്തിലൂടെ കിങ് ഫഹദ് റോഡിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് ബോളിവാഡ് റൺവേ ഏരിയയിൽ എത്തി. നഗരത്തിലേക്ക് പ്രവേശിച്ചത് മുതൽ ബോളിവാഡിൽ എത്തുന്നതുവരെ ലൂസിഡ് ഇലക്ട്രിക് വാഹനങ്ങൾ വിമാനത്തെ അനുഗമിച്ചു.60 ടൺ വീതം ഭാരമുള്ളതാണ് മൂന്ന് വിമാനങ്ങൾ. 8.5 മീറ്റർ ഉയരമാണ് ഓരോ വിമാനത്തിനുമുള്ളത്. അതുകൊണ്ട് തന്നെ വിമാനങ്ങൾ റിയാദ് സിറ്റി ബൊളിവാഡ് ഏരിയയിലെത്താനുള്ള യാത്രയിൽ വലിയ വെല്ലുവിളികളാണ് നേരിട്ടത്.
ഇതിനെയെല്ലാം അതിജീവിച്ചാണ് വിമാനങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. വിമാനത്തോടൊപ്പമുള്ള ടീമിെൻറ പരിചയം എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനും റെക്കോർഡ് സമയത്തിനുള്ളിൽ അവ വേഗത്തിൽ പൂർത്തിയാക്കാനും കഴിഞ്ഞു.മൂന്ന് വിമാനങ്ങളും ലക്ഷ്യത്തിൽ എത്തിച്ചേരാൻ കണക്കാക്കിയ സമയം രണ്ടോ മൂന്നോ ആഴ്ചയാണ്. എന്നാൽ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖിെൻറ മേൽനോട്ടത്തിൽ നിശ്ചിത സമയത്തിലും നേരത്തെയാണ് വിമാനങ്ങൾ റിയാദിലെത്തിച്ചത്. റോഡ്മാർഗം നീണ്ട യാത്രയിൽ ഗതാഗതം സുഗമമാക്കുന്നതിന് പ്രത്യേക ടീമുകൾ വിമാനങ്ങളെ അനുഗമിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുമായും കടന്നുപോകുന്ന മേഖലയിലെ ഗവർണറേറ്റുമായി ഏകോപിപ്പിച്ച് മുൻകൂട്ടി പഠിച്ച പദ്ധതി പ്രകാരമാണ് വിമാനങ്ങൾ കരമാർഗം റിയാദിലെത്തിച്ചത്.
ജിദ്ദയിൽനിന്ന് റിയാദിലെത്തുന്നതുവരെയുള്ള വിമാനങ്ങളുടെ ഒരോ ചലനങ്ങളും സ്വദേശികളും രാജ്യത്തുള്ള വിദേശികളും പിന്തുടരുകയായിരുന്നു. ജനങ്ങൾ റോഡ് മാർഗമുള്ള വിമാനങ്ങളുടെ യാത്രയുടെ വീഡിയോകളും ഫോട്ടോകളും എടുക്കുകയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് വലിയ ആരവമാണ് ഉണ്ടാക്കിയത്. തുടർന്ന് ഇങ്ങനെ ഫോട്ടോയും വീഡയോയും എടുത്ത് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുന്നവർക്ക് മത്സരവും സമ്മാനങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ഏറ്റവും മനോഹരമായ വിമാന ഫോട്ടോഗ്രാഫിക്കുള്ള മത്സരം പ്രഖ്യാപിച്ചത്. മത്സര വിജയികൾക്ക് 10 ആഡംബര കാറുകളാണ് വാഗ്ദാനം ചെയ്തത്.
റിയാദ് സീസൺ ഏരിയകളിലെ പുതിയ വിനോദ കേന്ദ്രമാണ് ‘ബോളിവാഡ് റൺവേ ഏരിയ’. ഇതിെൻറ നിർമാണം ആരംഭിച്ചതായി പൊതുവിനോദ അതോറിറ്റി ചെയർമാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതോറിറ്റിയും സൗദി എയർലൈൻസും തമ്മിലുള്ള സഹകരണത്തിെൻറ ചട്ടക്കൂടിനുള്ളിലാണ് റൺവേ ഒരുക്കുന്നത്. ഒക്ടോബർ 28 മുതൽ റൺവേ സന്ദർശകരെ സ്വീകരിക്കാൻ തുടങ്ങും. മൂന്ന് ബോയിങ് 777 വിമാനങ്ങളിൽ റസ്റ്റോറൻറുകളും വിനോദ വേദികളും ഒരുക്കി സന്ദർശകർക്ക് അത്വിദീയ അനുഭവം പകർന്നുനൽകാനാണ് പദ്ധതി. ഒരു യഥാർഥ എയർസ്ട്രിപ്പ് ഉപയോഗിച്ച് വിമാനത്തിനുള്ളിലെ സവിശേഷമായ അന്തരീക്ഷത്തിൽ വിനോദം, ഷോപ്പിങ്, ഡൈനിങ് എന്നിവ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
അന്താരാഷ്ട്ര റസ്റ്റോറൻറുകൾ നൽകുന്ന വൈവിധ്യമാർന്ന ഭക്ഷണങ്ങൾ നൽകിക്കൊണ്ട് മൂന്ന് വിമാനങ്ങളും നൂതനമായ രീതിയിൽ സജ്ജീകരിക്കും. മറ്റ് നിരവധി പരിപാടികളും ഏരിയയിലുണ്ടാകും. ‘ഫ്ലൈറ്റ് 1661’, ‘ആകാശത്തിെൻറ ഉപരോധം’ എന്നീ അനുഭവങ്ങളും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടിയുള്ള വ്യോമയാന ലോകത്തെ 10 വൈവിധ്യമാർന്ന അനുഭവങ്ങൾ ഉൾക്കൊള്ളുന്ന ഒരു ‘ഫൺ സോൺ’ ഏരിയയും ബോളിവാഡ് റൺവേ ഏരിയ ഉൾക്കൊള്ളുന്നു.