കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു.

0

തിരുവനന്തപുരം (വലിയതുറ) : കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡില്‍ സാജുവിന്റെയും ദിവ്യയുടെയും മകനായ എനോഷ് (13) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ആറേകാലോടെയാണ് അപകടം. ജൂസാറോഡ് ഭാഗത്ത് കടലേറ്റം തടയുന്നതിന് വലിയ കടല്‍ഭിത്തി നിര്‍മിച്ചിട്ടുണ്ട്. ഇതിനടുത്ത് പ്രദേശവാസികളായ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത് പതിവാണ്. ബുധനാഴ്ച വൈകുന്നേരം എനോഷും കുട്ടുകാരും ജൂസാ റോഡ് ഭാഗത്തെ കടല്‍ത്തീരത്ത് ഫുട്ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് ആറോടെ ഇവര്‍ സംഘമായി കടലില്‍ കുളിക്കുകയായിരുന്നു, ഇതിനിടയില്‍ എനോഷ് കരയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ വലിയ തിരയില്‍പെടുകയായിരുന്നു.

മുങ്ങിത്താഴ്ന്നുവെങ്കിലും എനോഷ് രക്ഷയ്ക്കായി കൈയുയര്‍ത്തിയത് സമീപത്ത് കളിച്ചുകൊണ്ടിരുന്നു കൊച്ചുതോപ്പ് സ്വദേശികളായ ഫിജി, അജയ് എന്നിവര്‍ കണ്ടു. തുടര്‍ന്ന് ഫിജി കുട്ടിയെ വലിച്ച് കരയിലേക്ക് കയറ്റി. ശേഷം ശംഖുംമുഖത്തെ സ്വകാര്യ നഴ്സിങ് ഹോമിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് വലിയതുറ എസ്.ഐ. ഇന്‍സമാം ഉള്‍പ്പെട്ട പോലീസ് എത്തി. തുടര്‍ന്ന് നടപടികള്‍ക്കുശേഷം കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വലിയതുറ പോലീസ് കേസെടുത്തു. വഞ്ചിയൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച എനോഷ്. സഹോരിമാര്‍: ഇവാഞ്ചല്‍, നയോമി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *