ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ പരിക്കേറ്റ പഞ്ചാബ് എഫ്.സി. മുന്നേറ്റ താരം ലൂക്ക മജ്‌സെന് രണ്ട് മാസത്തോളം നഷ്ടപ്പെടും
ചണ്ഡീഗഢ്: കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ പരിക്കേറ്റ പഞ്ചാബ് എഫ്.സി. മുന്നേറ്റ താരം ലൂക്ക മജ്‌സെന് രണ്ട് മാസത്തോളം നഷ്ടമാകുമെന്ന് ക്ലബ് മാനേജ്‌മെന്റ്. താടിയെല്ലിന് പൊട്ടലേറ്റതിനാല്‍ വരുംദിവസങ്ങളില്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരും. തുടര്‍ന്ന് ദിവസങ്ങള്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ശസ്ത്രക്രിയക്കുശേഷം 6-8 ആഴ്ച കഴിഞ്ഞ് ആരോഗ്യനിലയിലെ പുരോഗതിക്കനുസരിച്ചാണ് ടീമിലേക്ക് തിരിച്ചെത്തുക.
ഞായറാഴ്ച കൊച്ചിയില്‍ നടന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ മലയാളി താരം കെ.പി. രാഹുലിന്റെ ഫൗളിലാണ് ലൂക്ക മജ്‌സെന് പരിക്കേറ്റത്. രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണാത്മക സ്വഭാവത്തെ പിന്തുണക്കുന്നില്ലെന്ന് ക്ലബ് അറിയിച്ചു. ഉയര്‍ന്നുവന്ന പന്തെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും കൂട്ടിയിടിച്ചത്. ഇതോടെ മജ്‌സെന്‍ തലയടിച്ച് വീണ് പരിക്കേല്‍ക്കുകയായിരുന്നു.
മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഗോവയ്ക്കുവേണ്ടി 86-ാം മിനിറ്റില്‍ ലൂക്ക മജ്‌സെനാണ് ആദ്യ ഗോള്‍ നേടിയത്. ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഗോവ നേടിയ വിജയഗോളിന് അസിസ്റ്റ് നല്‍കിയതും മജ്‌സെനാണ്. ബ്ലാസ്‌റ്റേഴ്‌സിനായി ജീസസ് ജിമെനസ് ഇന്‍ജുറി ടൈമിന്റെ രണ്ടാംമിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി. 85 മിനിറ്റുവരെ ഗോള്‍രഹിതമായി നിലനിന്ന മത്സരം അവസാന മിനിറ്റുകളില്‍ മുറുകുകയായിരുന്നു.