സർക്കാർ ധനസഹായ വിതരണം ആരംഭിച്ചു, ഇതുവരെ 29.43 ലക്ഷം രൂപ നൽകി; വിലങ്ങാട് ദുരന്തം:

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള സഹായധനം വിതരണം ചെയ്തു തുടങ്ങി. ദുരിതാശ്വാസക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് സംസ്ഥാന ദുരന്തനിവാരണഫണ്ടിൽ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ദുരിതബാധിതരായവർക്ക് 10,000 രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിച്ചാലുടൻ തന്നെ വിതരണം ചെയ്യുമെന്നാണ് വിവരം.
ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ഒരു കുടുംബത്തിൽ പരമാവധി രണ്ട് പേർ എന്ന കണക്കിൽ ഒരാൾക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്.
ഇതിൽ 37 കുടുംബങ്ങൾക്ക് (ഓരോ കുടുംബത്തിലും രണ്ട് പേർ) ദിവസം 600 രൂപ വെച്ച് 6,66,000 രൂപയും കട നഷ്ടപ്പെട്ട മൂന്നുപേർക്ക് ദിവസം 300 രൂപ വെച്ച് ഒരു മാസത്തേക്ക് 27,000 രൂപയും വിതരണം ചെയ്തു. ആകെ മൊത്തം 29,43,000 രൂപയാണ് വിലങ്ങാട് ഇത്തരത്തിൽ വിതരണം ചെയ്തത്.