സ്വർണക്കടത്ത് കേരളത്തിൽ വർധിക്കുന്നു; അഞ്ചുകൊല്ലത്തിനിടെ പോലീസ് പിടിച്ചത് 147 കിലോ സ്വർണം
തിരുവനന്തപുരം: കേരളത്തിൽ സ്വർണക്കടത്ത് വർധിക്കുന്നെന്നും പിടിച്ചെടുക്കുന്ന കള്ളക്കടത്ത് സ്വർണത്തിന്റെ അളവ് കൂടുന്നെന്നും പോലീസ് കണക്ക്.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടിച്ചെടുത്തത് 147.78 കിലോഗ്രാം സ്വർണമാണ്. കേസുകളുടെ എണ്ണവും 188 ആയി. ഇക്കൊല്ലം ആറുമാസംകൊണ്ടുമാത്രം 18.1 കിലോ സ്വർണവും 15 കോടി രൂപയുടെ ഹവാലാ പണവും പോലീസ് പിടിച്ചെടുത്തു.
അഞ്ചുവർഷംമുൻപ് രണ്ട് സ്വർണക്കടത്ത് കേസുകൾമാത്രം രജിസ്റ്റർചെയ്ത സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ 26 കേസുകളാണ് രജിസ്റ്റർചെയ്തത്. കഴിഞ്ഞവർഷം 48.73 കിലോ സ്വർണം പിടികൂടി. 61 കേസുകളും രജിസ്റ്റർചെയ്തു.അതിനുമുൻപ് 79.99 കിലോഗ്രാം സ്വർണം പിടികൂടിയതിൽ 98 കേസുകളും രജിസ്റ്റർചെയ്തു. മലപ്പുറം ജില്ലയിൽനിന്നാണ് ഏറ്റവുമധികം സ്വർണം പിടികൂടിയതും കേസുകൾ രജിസ്റ്റർചെയ്തതും.
അതേസമയം, വിമാനത്താവളമുള്ള തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു കേസും രജിസ്റ്റർചെയ്തിട്ടില്ല. എറണാകുളം ജില്ലയിലാകട്ടെ ഒരു കേസുമാത്രമാണ് രജിസ്റ്റർചെയ്തത്.കസ്റ്റംസിനെയും വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വർണം പോലീസിന് കൃത്യമായി പിടികൂടാനാവുന്നുവെന്നത് സംശയത്തിന് ഇടനൽകുന്നതാണെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഉൾപ്പെടെ ഇക്കാര്യത്തിൽ ആരോപണവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി ദക്ഷിണ, മധ്യ കേരളത്തിൽനിന്ന് ഒരു ഹവാലാ പണമിടപാടുകേസുപോലും സംസ്ഥാനപോലീസ് രജിസ്റ്റർചെയ്തിട്ടില്ല.എന്നാൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽനിന്നുമാത്രം ഇക്കൊല്ലം ഇതുവരെ 15.07 കോടി രൂപയുടെ ഹവാലാ പണമാണ് പോലീസ് പിടിച്ചെടുത്തത്. 67 കേസുകളും രജിസ്റ്റർചെയ്തു. 2020-ൽ 16.9 കോടി രൂപ പിടിച്ചെടുത്ത സ്ഥാനത്ത് 2022 ആയപ്പോൾ 35.57 കോടി രൂപയും 2023-ൽ 38.71 കോടി രൂപയുമാണ് പിടിച്ചെടുത്തത്.