സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് എഎപി : ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നു എന്ന് പരാതി.

0

ന്യൂഡൽഹി∙ സ്വാതി മലിവാളിനോട് രാജ്യസഭാംഗത്വം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയുടെ കുടുംബത്തിന് എതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് നടപടി. എഎപി എംപി ആണെങ്കിലും സ്വാതി പ്രവർത്തിക്കുന്നത് ബിജെപിക്കു വേണ്ടിയാണെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.

പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ വിട്ടുകിട്ടാന്‍ പ്രതിഷേധം ഉയര്‍ത്തിയ കുടുംബത്തില്‍ നിന്ന് ഒരാള്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കുന്നുവെന്നും ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടേയെന്നുമായിരുന്നു സ്വാതിയുടെ പ്രതികരണം. അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നും സ്വാതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതി രാജ്യസഭാംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രംഗത്തെത്തിയിരിക്കുന്നത്.

ഇതിനു മുൻപ് അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ വച്ച് പഴ്‌സനല്‍ സെക്രട്ടറി ബിഭവ് കുമാര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് സ്വാതി രംഗത്തെത്തിയത് ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബിഭവ് കുമാറിനെതിരെ സ്വാതി മലിവാള്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിനു പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ രാഷ്ട്രീയകാര്യ സമിതിയിൽ പിന്തുണച്ചതിനു പിന്നാലെയാണ് അതിഷി ഡൽഹി മുഖ്യമന്ത്രിയാകുന്നത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. നേരത്തെ ബിജെപിയിൽ നിന്ന് സുഷമ സ്വരാജും കോൺഗ്രസിൽ നിന്ന് ഷീലാ ദീക്ഷിതും ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നു. ആം ആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *