സംസ്കാരത്തിൻ്റെയും സമഭാവനയുടെ സന്ദേശം പങ്കുവെച്ച് മീരാറോഡ് പൂക്കളം
മീരാറോഡ് : കേരളീയ സാംസ്‌കാരിക പാരമ്പര്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സമ ഭാവനയുടെയും സന്ദേശം ഉയർത്തിക്കൊണ്ട് ഉത്രാടം നാളിൽ മീരാറോഡ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ കേരള സാംസ്കാരിക വേദിയുടെ പൂക്കളത്തിന് റെയിൽവെ അധികാരികളുടേയും യാത്രക്കാരുടേയും അഭിനന്ദനം. പൂക്കളം കണ്ട ശേഷം പല യാത്രക്കാരും പൂക്കളത്തിനുപിന്നിലെ ചരിത്രവും ഉദ്ദേശവുമൊക്കെ ചോദിച്ച് മടങ്ങുമ്പോൾ അഭിമാനം തോന്നിയെന്ന് വേദിയുടെ ഭാരവാഹികൾ അറിയിച്ചു .
16×16 അടി വിസ്തീർണമുള്ള പൂക്കളം യുവജന വിഭാഗം അംഗമായ വരുൺ നമ്പ്യാരാണ് രൂപകല്പന ചെയ്തത് . അദ്ദേഹത്തോടൊപ്പം ഗായത്രി കാരയിൽ, ദേവേന്ദ്ര, അഭിജിത് നായർ, വൈശാഖ് നായർ, ജുവൽ തിലക്, സൂരജ് സിംഗ്, ഹരിത നായർ, ആദിത്യൻ ബിജോയ്, അനയ ബിജോയ്, വിനീത് സുരേഷ്, ഇന്ദ്രേഷ് സുരേഷ്, അനുഷാഗ്, ആദിത്യൻ സന്തോഷ്, വിഷ്ണു വിശ്വനാഥ് എന്നിവർ ചേർന്നാണ് പൂക്കളമൊരുക്കിയത് . ഫോട്ടോകളും സെൽഫികളും എടുക്കാനായി നിരവധിപേർ വന്നുകൊണ്ടിരുന്നതും അഭിപ്രായങ്ങൾ അറിയിച്ചതും നല്ലൊരു അനുഭവമായിരുന്നുവെന്ന് വേദിയുടെ പ്രസിഡന്റ് സന്തോഷ് നടരാജനും സെക്രട്ടറി രതീഷ് നമ്പ്യാരും അറിയിച്ചു.