എംപോക്സ് രോഗ ലക്ഷണങ്ങളോടെ മലപ്പുറത്ത് ഒരാൾ ആശുപത്രിയിൽ എത്തിച്ചു: സാമ്പിൾ പരിശോധനയ്ക്കയച്ചു .
മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് ആശുപത്രിയിൽ എത്തിയത്. പനി ഉണ്ടായിരുന്നു. ഒപ്പം, ചിക്കൻപോക്സിന് സമാനമായ രീതിയിൽ കൈയിൽ ഒരു തടിപ്പും ഉണ്ടായിരുന്നു. തുടർന്ന് എംപോക്സ് ലക്ഷണങ്ങളാണോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാർ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
വിദേശത്ത് നിന്നെത്തിയ ഇദ്ദേഹം വീട്ടിൽ വേറെ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. സംശയമുണ്ടായിരുന്നതുകൊണ്ട് തന്നെ അതിനുള്ള മുൻകരുതലും അദ്ദേഹം എടുത്തിട്ടുണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ജില്ലയിൽ നിപഭീതി ഉയരുന്നതിനിടെയാണ് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
മലപ്പുറത്ത് മരിച്ച 24 -കാരന് നിപ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.