ടെസ്റ്റിന് ഒരുങ്ങി ഇന്ത്യ; ബംഗ്ലദേശിന്റെ ശ്രദ്ധാകേന്ദ്രം നഹീദ് റാണ

0

ചെന്നൈ ∙ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായത് ഉൾപ്പെടെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികവു കാട്ടിയ ആറു മാസങ്ങൾക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു. ബംഗ്ലദേശിനെതിരെ 2 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ ടെസ്റ്റ് 19ന് ചെന്നൈയിലും രണ്ടാം ടെസ്റ്റ് 27ന് കാൺപുരിലും നടക്കും. വരാനിരിക്കുന്ന വലിയ പരമ്പരകൾ‍ക്കു മുൻപ് കരുത്തും ദൗർബല്യവും അളക്കാനുള്ള ‘ലിറ്റ്മസ് ടെസ്റ്റ്’ കൂടിയാണ് ഇന്ത്യയ്ക്ക് ഈ പരമ്പര.

ഒക്ടോബറിൽ ന്യൂസീലൻഡിനെതിരെ 3 ഹോം ടെസ്റ്റുകൾ കളിക്കുന്ന ഇന്ത്യ നവംബറിൽ ബോർഡർ–ഗാവസ്കർ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്കു പോകും. ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

ഫുൾസ്ക്വാഡ് ട്രെയ്നിങ്

ബംഗ്ലദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ 16 കളിക്കാരും ഇന്നലെ ചെപ്പോക്കിൽ പരിശീലനത്തിനിറങ്ങി. കഴിഞ്ഞയാഴ്ച ഇവിടെയെത്തിയ ടീം ഇന്ത്യയുടെ മൂന്നാം ട്രെയിനിങ് സെഷൻ ആയിരുന്നു ഇത്. വിരാട് കോലിയും യശസ്വി ജയ്സ്വാളും ഉൾപ്പെടെയുള്ളവർ പേസർ ജസ്പ്രീത് ബുമ്രയെയും സ്പിന്നർ ആർ.അശ്വിനെയും നേരിട്ടപ്പോൾ രോഹിത് ശർമയും ശുഭ്മൻ ഗില്ലും സ്പിന്നർമാരിൽ തന്നെയാണ് ശ്രദ്ധയൂന്നിയത്.

ബംഗ്ലദേശ് എത്തി

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര 2–0നു നേടിയതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ബംഗ്ലദേശും ഇന്നലെ ചെപ്പോക്ക് സ്റ്റേ‍ഡിയത്തിൽ പരിശീലനത്തിനിറങ്ങി. പാക്കിസ്ഥാനെതിരെ 2 ടെസ്റ്റുകളിലായി 6 വിക്കറ്റുകൾ നേടിയ യുവപേസർ നഹീദ് റാണയായിരുന്നു പരിശീലനത്തിലെ ശ്രദ്ധാകേന്ദ്രം. കൗണ്ടി ചാംപ്യൻഷിപ് കളിക്കാൻ ഇംഗ്ലണ്ടിലേക്കു പോയ വെറ്ററൻ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഇന്നു ടീമിനൊപ്പം ചേരും. ബംഗ്ലദേശിനെതിരെ 13 ടെസ്റ്റ് പരമ്പര കളിച്ചതിൽ പതിനൊന്നും ഇന്ത്യ ജയിച്ചു. രണ്ടു പരമ്പരകൾ‍ സമനിലയായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *