ലാൽബാഗിൻ്റെ രാജാവിന് ഇന്ന് ഘോഷയാത്രയോടെ വിട !

0

മുംബൈ: ഗണേശോത്സവം ആരംഭിച്ചാൽ ലോകത്തുള്ള വിഘ്‌നേശ്വര വിശ്വാസികൾ ഭക്ത്യാദരവോടെ കാണുന്ന ‘ലാൽബാഗ് കാ രാജാ ‘യ്ക്ക് ഇന്ന് ആവേശോജ്ജലമായ യാത്രയയപ്പ്‌ നൽകും. പത്തുദിവസം നീണ്ടുനിൽക്കുന്ന പൂജയിൽ ഓരോദിവസവും ലോകത്തിൻ്റെ നാനാഭാഗത്തുനിന്നുമായി ഒന്നരക്കോടി ഭക്തർ തൊഴുത് പ്രാർത്ഥിക്കാനായി ഇവിടെ എത്തിച്ചേരുന്നു എന്നാണ് കണക്ക് .ഇതിൽ ധനികരും ദരിദ്രരുമുണ്ട്. സിനിമാതാരങ്ങളും കേന്ദ്ര സംസ്ഥാന മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും ഉണ്ട് . മണിക്കൂറുകളോളം ദർശനത്തിനായി വേണ്ടിവരുന്നതുകൊണ്ട് തന്നെ ഭക്ഷണപ്പൊതികളും കിടക്കാനുള്ള പായയുമായൊക്കെയായിട്ടാണ് പലരും വരുന്നത് . മിന്നുന്ന സ്വർണ്ണാഭരണങ്ങളാൽ അലങ്കരിച്ച, വിശ്വാസികളെ വിസ്മയിപ്പിക്കുന്ന വിഗ്രഹം കാണാൻ സ്വദേശികൾക്കൊപ്പം വിദേശികളും ധാരാളമെത്തിച്ചേരുന്നു .രണ്ടു തരത്തിലാണ് ഇവിടെയുള്ള ഗണേശ ദർശനം . അത് വ്യത്യസ്ത സമയങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു .

ഒന്ന് മുഖ് ദർശനം (മുഖം കാണുന്നത്) മറ്റൊന്ന് ചരൺ സ്പർശ് (വിഗ്രഹത്തിൻ്റെ പാദങ്ങളിൽ വന്ദിച്ചു പ്രാർത്ഥിക്കൽ ). ഇന്നലെ രാവിലെ ആറുമണിവരെയാണ് ചരൺ സ്പർശ് ന് സമയം അനുവദിച്ചിരുന്നത് . മുഖദർശനത്തിന് രാത്രി 12 മണിവരേയും .നീണ്ട വരിയിൽ നിന്ന് ഒന്നും കാണാനാകാതെ തിരിച്ചുപോകേണ്ടി വന്നവർ ധാരാളം! 1934-ൽ സ്ഥാപിതമായ , ലാൽബാഗിലെ പുത്‌ലബായ് ചാളിൽ സ്ഥിതി ചെയ്യുന്ന ലാൽബൗഗ്‌ച രാജ സർവജനിക് ഗണേശോത്സവ് മണ്ഡലാണ് ഇതിൻ്റെ നടത്തിപ്പുകാർ. 80 വർഷത്തിലേറെയായി ഈ ആദരണീയ പ്രതിച്ഛായ സംരക്ഷിച്ചിരിക്കുന്നത് കാംബ്ലി കുടുംബമാണ് . ഓരോ വർഷവും വ്യത്യസ്തമായി സൃഷ്ട്ടിക്കുന്ന ഗണേശ വിഗ്രഹത്തിൻ്റെ ആദ്യ ശിൽപ്പി മധുസൂദൻ ഡി കാംബ്ലിയാണ് .അദ്ദേഹത്തിന്റെ മൂന്നാം തലമുറയിൽപ്പെട്ട സന്തോഷ് കാംബ്ലിയും കുടുംബവുമാണ് ഇപ്പോഴുള്ള അവകാശികൾ .

പത്തു ദിവസത്തിൽ ഭക്തർ സമർപ്പിക്കുന്നത് കോടികണക്കിന് രൂപയാണ് .ഇതിൽ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. ആനന്ദ് അംബാനിയും റിലയൻസ് ഫൗണ്ടേഷനും ഇത്തവണ നൽകിയത് 15 കോടി വില വരുന്ന 20 കിലോഗ്രാം സ്വർണ്ണ കിരീടമാണ് . മുകേഷ് അംബാനിയുടെ മകനായ ആനന്ദ് കഴിഞ്ഞ 15 വർഷമായി ‘ലാൽബാഗ് ചാ രാജാ’യുമായി സഹകരിച്ചു വരുന്നുണ്ട് .

ഗണേശോത്സവം എന്നാരംഭിച്ചു എന്നതിന് വ്യക്ത ഇല്ലെങ്കിലും 1893ൽ ,സ്വാതന്ത്ര്യ സമരകാലത്ത് ജനങ്ങളെ ഒരുമിച്ചു നിർത്താനായി ബാലഗംഗാധര തിലകൻ നൽകിയ ആഹ്വാനത്തിലൂടെയാണ് മഹാരാഷ്ട്രയിൽ ഇത് ജനകീയ ആഘോഷമായി മാറിയത് എന്ന് ചരിത്രം പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *