സഞ്ജുവിന്റെ സിക്സർ പതിച്ചത് സ്റ്റേഡിയത്തിനു പുറത്ത്.
അനന്തപുർ∙ ദുലീപ് ട്രോഫി ടൂർണമെന്റിനിടെ ഇന്ത്യ എയ്ക്കെതിരെ ഇന്ത്യ ഡിയുടെ മലയാളി താരം സഞ്ജു സാംസൺ നേടിയ ഒരു സിക്സർ പതിച്ചത് സ്റ്റേഡിയത്തിനു പുറത്ത്. അവിടെനിന്നും പന്തെടുത്ത് തിരികെ സ്റ്റേഡിയത്തിലേക്ക് എറിഞ്ഞുനൽകുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. യുവാവിനൊപ്പമുള്ള കുട്ടികൾ കയ്യടികളോടെ ഇതെല്ലാം ആഘോഷമാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അനന്തപുരിലെ റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ് സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യ എ – ഇന്ത്യ ഡി മത്സരം. രണ്ടാം ഇന്നിങ്സിൽ ആക്രമണോത്സുക ബാറ്റിങ്ങുമായി കളം നിറഞ്ഞ സഞ്ജു 45 പന്തിൽ 40 റൺസ് നേടിയിരുന്നു. മൂന്നു ഫോറും മൂന്നു പടുകൂറ്റൻ സിക്സറും സഹിതമായിരുന്നു ഇത്. ഈ സിക്സറുകളിൽ ഒരെണ്ണമാണ് സ്റ്റേഡിയത്തിനു പുറത്തുവീണത്.
രണ്ടാം ഇന്നിങ്സിന്റെ 52–ാം ഓവറിലായിരുന്നു സംഭവം. സ്പിന്നർ തനുഷ് കൊട്ടിയന്റെ പന്താണ് സഞ്ജു സ്റ്റേഡിയത്തിനു വെളിയിലേക്കു പറത്തിയത്. ലോങ് ഓഫിനു മുകളിലൂടെ പറന്ന പന്ത് ഗാലറിക്ക് അപ്പുറം ചെന്നു വീണു. പന്തു കയ്യിലൊതുക്കിയ ശേഷം അവിശ്വസനീയതയോടെ നിൽക്കുന്ന ആരാധകനെ വീഡിയോയിൽ കാണാം. മത്സരത്തിൽ സെഞ്ചറി നേടിയ റിക്കി ഭുയിയെ (113) സാക്ഷിനിർത്തിയായിരുന്നു സഞ്ജുവിന്റെ കൂറ്റൻ സിക്സ്.