എം.കെ.സാനു മാസ്റ്ററെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരിൽ കെട്ടിയിടുവാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കൊച്ചി∙ എം.കെ.സാനു മാസ്റ്ററെ പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേരിൽ കെട്ടിയിടുവാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജാതി മത ചിന്തകൾക്കും അതീതമാണ് മാഷെന്നും എല്ലാവരുടെയും സ്വരമായിട്ടാണ് സാനു മാഷിന്റെ വാക്കുകളെ കേരളം ശ്രവിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആളായിട്ടല്ല താൻ മാഷിനെ കാണുന്നത്. സാഹിത്യ രംഗത്ത് നിന്ന് രാഷ്ട്രീയം പറയാൻ എം.ടി.വാസുദേവൻ നായർ ഉണ്ട്. സാനു മാഷ് സാഹിത്യ, സാംസ്ക്കാരിക, സാമൂഹിക കൈരളിയുടെ പൊതു സ്വത്താണ്. ഒരു രാഷ്ട്രീയ തൊഴുത്തിലും കെട്ടിയിടേണ്ടതല്ല ആ മഹത്വമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഓണാഘോഷത്തിൻ്റെ ഭാഗമായി സാനു മാസ്റ്റർക്ക് ഓണക്കോടിയും സുരേഷ് ഗോപി നൽകി.
സുരേഷ് ഗോപിയെ വളരെ ചെറുപ്പം മുതൽക്കേ അറിയാമെന്നും, മനുഷ്യസ്നേഹിയാണെന്നും സാനു മാഷ് അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ കാരക്കാമുറി ക്രോസ് റോഡിലെ മാഷിന്റെ വസതിയിൽ എത്തിയ മന്ത്രിയെ കുടുബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് സ്വീകരിച്ചത്.