ഹോംനഴ്സ് ജോലിക്കു അഭിമുഖത്തിന് വന്ന യുവതിയെ പീഡിപ്പിച്ചു; യുവാവ് പിടിയിൽ .
ചേവായൂർ (കോഴിക്കോട്)∙ ഹോം നഴ്‌സിങ് സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. എടവണ്ണപ്പാറ ചെറുകാവ് കണ്ണംവെട്ടി കാവ് കുനിക്കാട്ട് വീട്ടിൽ മുഹമ്മദ് അഷ്റഫ് (40) ആണു പിടിയിലായത്. കണ്ണൂർ തളിപ്പറമ്പിൽ അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു. സ്ഥാപനത്തിന്റെ മറവിൽ ഇയാൾ പെൺവാണിഭം നടത്തുന്നുണ്ടെന്നും മെഡിക്കൽ കോളജ് എസ്‌ഐ പി.ടി.സൈഫുല്ല പറഞ്ഞു.
എടവണ്ണപ്പാറയിൽ പ്രതി നടത്തുന്ന മൈലാഞ്ചി ഹോംനഴ്‌സിങ് സ്ഥാപനത്തിലേക്കു ഹോംനഴ്‌സിനെ ആവശ്യമുണ്ടെന്ന പരസ്യം ചെയ്ത് ഇന്റർവ്യൂവിന് എത്തിയതായിരുന്നു യുവതി. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ വച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.