വിദേശ ടൂറിസ്റ്റുകളേയും വിസ്‍മയിപ്പിച്ച് CSMTയിൽ ‘ അമ്മ ‘പൂക്കളം!
ചിത്രകാരൻ പ്രശാന്ത് അരവിന്ദാക്ഷൻ രൂപ കൽപ്പനചെയ്ത് ‘ആൾ മുംബൈ മലയാളി അസ്സോസിയേഷൻ (അമ്മ) CSMT സ്റ്റേഷനിൽ ഒരുക്കിയ ‘ മെഗാ പൂക്കളം’ കാണാൻ വിദേശ ടൂറിസ്റ്റുകളടക്കം നിരവധിപേർ ! തിരുവോണ ദിനം ഒരുക്കിയ പൂക്കളം ഇതിനകം ലക്ഷകണക്കിന് യാത്രക്കാരാണ് കണ്ടുകഴിഞ്ഞതെന്ന് റെയിൽവേ അധികാരികളും പൂക്കളമൊരുക്കുന്നതിന് നേതൃത്തം നൽകിയ അമ്മയുടെ പ്രസിഡന്റ് ജോജോതോമസും അറിയിച്ചു . ഏറ്റവും കൂടുതൽ ജനങ്ങൾ നേരിട്ട് കണ്ടും ,സാമൂഹ്യമാധ്യമങ്ങൾ വഴി വൈറലായികൊണ്ടിരിക്കുകയും ചെയ്യുന്ന പൂക്കളം തയ്യാറാക്കാൻ ഉല്ലാസ്‌നഗർ നിവാസിയായ പ്രശാന്ത് അരവിന്ദാക്ഷനോടൊപ്പം അദ്ദേഹത്തിൻ്റെ രണ്ടു മക്കളും മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അസ്സോസിയേഷന്റെ പ്രവർത്തകരും അഭ്യുദയകാംഷികളുമുണ്ടായിരുന്നു. ഇവർക്കുള്ള മറ്റ് സൗകര്യങ്ങളൊരുക്കി കൊടുക്കാനായി റെയിൽവെ ജീവനകാരനും സാമൂഹ്യ പ്രവർത്തകനുമായ സുനിൽ ദാസിൻ്റെ നേതൃത്തിലുള്ള ഒരു വിഭാഗം വേറെയുമുണ്ടായിരുന്നു .
” വിവിധ പ്രദേശങ്ങളിൽ നിന്നായി പൂക്കൾ വാങ്ങിവന്നവർ,പൂമുറിച്ചു സഹായിക്കാനായി സ്ത്രീകളടക്കമുള്ള ഒരു വിഭാഗം ,ഭക്ഷണ സൗകര്യങ്ങളൊരുക്കാൻ മറ്റൊരു വിഭാഗം അങ്ങനെ ഒരു ജനകീയ കൂട്ടായ്മയിലൂടെയാണ് ഈ പൂക്കളം പൊതു സമൂഹത്തിനായി തയ്യാറാകുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ ഇരയായവർക്ക് ആദരപൂർവ്വം സമര്‍പ്പിക്കുന്ന ജനകീയ പൂക്കളം മനുഷ്യരെയെല്ലാം ഒന്നായി കണ്ടിരുന്ന മാവേലിയുടെ ഭരണകാലസ്മരണ പങ്കുവെക്കുന്നതിനും കേരളത്തിൻ്റെ സാംസ്‌കാരിക പെരുമയേയും , ഇന്ത്യയുടെ ബഹുസ്വരതയേയും ലോകത്തെ അറിയിക്കുന്നതിനും കൂടിയുള്ളതാണ് ” പ്രമുഖ രാഷ്‌ടീയ -സാമൂഹ്യ പ്രവർത്തകൻ കൂടിയായ ജോജോ തോമസ് പറഞ്ഞു.
ഉത്രാടദിനത്തിൽ രാത്രി 12 മണിക്കാരംഭിച്ച പൂക്കളമിടൽ അവസാനിച്ചത് തിരുവോണ ദിവസം രാവിലെ 5 മണിക്കാണ് .അഞ്ഞൂറ്റി മുപ്പത് ചതുരശ്ര അടി വിസ്തൃതിയുള്ള പൂക്കളം കാണാൻ ഉന്നത റെയിൽവേ അധികാരികളും രാഷ്ട്രീയരംഗത്തെ പ്രമുഖരും മുംബൈയിലെ സാമൂഹ്യ സാംസ്കാരികരംഗത്തുള്ള മലയാളികളും രണ്ടുദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്നുണ്ട് . പ്രതിദിനം ഏകദേശം അമ്പതുലക്ഷത്തോളം പേർ വന്നുപോയികൊണ്ടിരിക്കുന്ന മുംബൈയിലെ ചരിത്ര പ്രാധാന്യമുള്ള ഒരു റെയിൽവേ സ്റ്റേഷനാണ് ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ . ‘അമ്മ പൂക്കളം ‘ ചരിത്രത്തിൻ്റെ ഭാഗമാകുന്നതും അതുകൊണ്ടാണ്.2015 മുതൽ ‘ആൾ മുംബൈ മലയാളി അസ്സോസിയേഷൻ’ തിരുവോണ ദിനത്തിൽ ഇവിടെ പൂക്കളമിടുന്നുണ്ട് .