അജ്മലിനെതിരെ മുൻപും നിരവധിക്കേസുകൾ : ശ്രീക്കുട്ടിയെ പുറത്താക്കി സ്വകാര്യ ആശുപത്രി

0

കൊല്ലം ∙ മൈനാഗപ്പള്ളിയിൽ, ഇടിച്ചു വീഴ്ത്തിയ കാർ വീണ്ടും ദേഹത്തു കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അജ്മൽ ചന്ദനക്കടത്ത് അടക്കം അഞ്ചു കേസിൽ പ്രതിയാണെന്ന് കൊല്ലം റൂറല്‍ എസ്പി കെ.എം.സാബു മാത്യു. അജ്മലിനൊപ്പം കാറിലുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി ജോലിയില്‍നിന്നു പുറത്താക്കി. ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കും. പ്രേരണാക്കുറ്റമാണ് ചുമത്തുക.

അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തിയിട്ടും കാർ‌ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണ്. അപകടത്തിന്റെ വ്യാപ്തി മനസ്സിലായിട്ടും പ്രാഥമിക ശുശ്രൂഷ പോലും നൽകിയില്ലെന്നതും ശ്രീക്കുട്ടിക്കെതിരെ കേസെടുക്കാൻ കാരണമാണ്. മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമായ ബിഎന്‍എസ് 105 വകുപ്പ് ചുമത്തിയാണ് അജ്മലിനെ കസ്റ്റഡിയിലെടുത്തത്.

അപകടമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചു മദ്യപിച്ച അജ്മലും ശ്രീക്കുട്ടിയും അവിടെനിന്നു മടങ്ങുമ്പോഴായിരുന്നു അപകടം. മറ്റൊരു സുഹൃത്തും ഇവർക്കൊപ്പമുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ഇയാൾ കാറിൽനിന്ന് ഇറങ്ങിയിരുന്നു.

മൈനാഗപ്പള്ളി ആനൂർകാവിൽ വളവു തിരിഞ്ഞു വന്ന കാർ സ്കൂട്ടർ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട്, റോഡിൽ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു. മുന്നോട്ടു പോയ കാർ മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ മതിലിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിയിൽ വച്ച് പോസ്റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്മലും ശ്രീക്കുട്ടിയും പുറത്തിറങ്ങിയോടി. അജ്മൽ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്തുനിന്നാണ് പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *