ട്രംപിന് നേരെ വെടിയുതിർത്ത സംഭവത്തെ തുടർന്നുണ്ടായ അക്രമങ്ങളെ അപലപിച്ച് കമലാ ഹാരിസ്
വാഷിങ്ടൻ∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ ഗോൾഫ് ക്ലബ്ബിൽ വച്ചു വെടിവയ്പുണ്ടായ സംഭവത്തിൽ പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റും ട്രംപിന്റെ എതിർ സ്ഥാനാർഥിയുമായ കമല ഹാരിസ്. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അമേരിക്കയിൽ അക്രമത്തിന് സ്ഥാനമില്ലെന്നും കമല ഹാരിസ് എക്സിൽ കുറിച്ചു. വെടിവയ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കമല വ്യക്തമാക്കി.
ഫ്ലോറിഡ വെസ്റ്റ് പാം ബീച്ചിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഇന്റർനാഷനല്‍ ഗോള്‍ഫ് ക്ലബ്ബിൽ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണു വെടിവയ്പുണ്ടായത്. ക്ലബിൽ ഗോൾഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണു റിപ്പോർട്ടുകൾ. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും മുൻ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതലയുള്ള യുഎസ് സീക്രട്ട് സർവീസും അറിയിച്ചു.
ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) ആണ് വെടിയുതിർത്തതെന്നും ഇയാളെ പിടികൂടിയതായും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. എകെ 47 തോക്ക്, രണ്ടു ബാക്ക്പാക്കുകൾ, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാൾ മറഞ്ഞിരുന്ന സ്ഥലത്തുനിന്നു കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി. ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു വെടിവയ്പ്. സംഭവത്തിൽ ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റിരുന്നു. ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപും കമലാ ഹാരിസും പരസ്പരം ഏറ്റുമുട്ടും. ഇരുവരും തമ്മിലുള്ള ആദ്യ സംവാദം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിലാണ് ട്രംപിനു നേരെ വീണ്ടും ആക്രമണശ്രമം.
ചർച്ചയ്ക്ക് തൊട്ടുപിന്നാലെ പുറത്തുവന്ന സിഎൻഎൻ ഫ്ലാഷ് പോൾ പ്രകാരം ട്രംപിനെക്കാൾ മികച്ച പ്രകടനം കമല ഹാരിസ് കാഴ്ചവച്ചിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 54% പേർ കമല ഹാരിസ് വിജയിച്ചതായും 31% പേർ ട്രംപാണ് വിജയിച്ചതെന്നും അഭിപ്രായപ്പെടുന്നു.