ജെന്‍സന്റെ ശ്രുതിയെ കണ്ട് ആശ്വസിപ്പിച്ച് ഡോ. ബോബി ചെമ്മണ്ണൂര്‍, ആഗ്രഹം പോലെ വീട് വെച്ച് നല്‍കും
വയനാട്: ഉരുള്‍ പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് ഏക ആശ്രയമായിരുന്ന ജെന്‍സണെയും കഴിഞ്ഞ ദിവസമാണ് നഷ്ടപ്പെട്ടത്. ആ വാര്‍ത്ത കേരളത്തിന്റെ തന്നെ ഉള്ളുലച്ച വാര്‍ത്തയായിരുന്നു.
ജെന്‍സണ് അന്ത്യാജ്ഞലി അര്‍പ്പിച്ച എല്ലാവരും ചിന്തിച്ചത് ശ്രുതിയുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചാണ്. കേരളം ശ്രുതിക്കൊപ്പം ഉണ്ടാകുമെന്ന് എല്ലാവരും പറഞ്ഞു. ആ വാക്ക് പാലിക്കാന്‍ ആദ്യം ഓടി എത്തിയിരിക്കുകയാണ് ഡോ. ബോബി ചെമ്മണ്ണൂര്‍.കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രുതിയെ നേരിട്ടെത്തി ആശ്വസിപ്പിക്കാന്‍ ഡോ. ബോബി ചെമ്മണ്ണൂരെത്തി. അപകടത്തില്‍ കാലിന് പരിക്കേറ്റ ശ്രുതിയുടെ ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലാണ്.
ബോബി ചെമ്മണ്ണൂരെത്തി ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വെച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അകന്ന ബന്ധുക്കള്‍ മാത്രമാണ് ഇന്ന് ശ്രുതിക്ക് ബാക്കിയുള്ളത്. അവര്‍ക്കും ശ്രുതിക്കും കരുത്തായിരുന്നു ജെന്‍സണ്‍. ശ്രുതിയോടും ബന്ധുക്കളോടുമൊപ്പം കൊടുവള്ളിക്ക് പോകും വഴിയാണ് കല്‍പ്പറ്റ വെള്ളാരം കുന്നില്‍ വെച്ച് ഉണ്ടായ വാഹനപകടത്തില്‍ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ തനിച്ചായ ശ്രുതിക്കരികിലേക്കാണ് ആശ്വാസ വാക്കുകളുമായി ബോച്ചെ എത്തിയത്.
കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ശ്രുതിയും ബന്ധുക്കളും. ഒരു ഏട്ടനായി കൂടെയുണ്ടാകുമെന്നും ജെന്‍സണ്‍ ആഗ്രഹിച്ചതു പോലെ ശ്രുതിക്ക് സുരക്ഷിതമായൊരു വീട് നിര്‍മ്മിച്ചു നല്‍കുമെന്നും ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ബോച്ചെ ആശുപത്രിയിലെത്തുമ്പോള്‍ ജെന്‍സണ്‍ന്റെ പിതാവും മറ്റ് ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഏറെ നേരം ശ്രുതിയോടൊപ്പവും ബന്ധുക്കളോടൊപ്പവും ചിലവഴിച്ചാണ് അദ്ദേഹം ആശുപത്രി വിട്ടത്