അൽ ഖായിദയുടെ കമാൻഡറായി അഫ്ഗാനിസ്ഥാനിൽ : ഒസാമയുടെ മകൻ ഹംസ കൊല്ലപ്പെട്ടിട്ടില്ല
വാഷിങ്ടൻ ∙ അൽ ഖായിദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിവരം. അൽ ഖായിദയുടെ കമാൻഡർ സ്ഥാനം ഇയാൾ ഏറ്റെടുത്തതായാണ് റിപ്പോർട്ട്. 2019ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു വിവരം. എന്നാൽ, ഹംസ, അഫ്ഗാനിസ്ഥാനിൽ പുതിയ പരിശീലന ക്യാംപുകൾ സ്ഥാപിക്കുന്നതിനു മേൽനോട്ടം വഹിക്കുകയും പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള ശേഷി നേടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ബ്രിട്ടിഷ് മാധ്യമമായ മിറർ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തു.
ഭീകരതയുടെ കിരീടാവകാശി എന്നാണ് ഹംസ അറിയപ്പെടുന്നത്. ഇയാൾ അൽ ഖായിദയുടെ പുനരുജ്ജീവനത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും വിവരമുണ്ട്. യുഎസ് വ്യോമാക്രമണത്തിൽ ഹംസ മരിച്ചതായി യുഎസ് അവകാശപ്പെട്ടെങ്കിലും മരണം സ്ഥിരീകരിക്കാൻ ഡിഎൻഎ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇറാനിലേക്കും പുറത്തേക്കുമുള്ള അൽ ഖായിദ അംഗങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനു വിവിധ അഫ്ഗാൻ പ്രവിശ്യകളിൽ ഇയാൾ സുരക്ഷിത ഭവനങ്ങൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചു.