പി.ശശിയെ തൊടാതെ അൻവർ; വധഭീഷണി, കുടുംബത്തിന് സുരക്ഷ വേണമെന്ന് ഡിജിപിക്ക് കത്ത്

0

 

തിരുവനന്തപുരം ∙ പി.വി.അന്‍വർ എംഎൽഎയും എഡിജിപി എം.ആര്‍.അജിത് കുമാറും ഉള്‍പ്പെട്ട വിവാദം സര്‍ക്കാരിന് കൂടുതല്‍ തലവേദനയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാട് മയപ്പെടുത്താതെ അജിത് കുമാറിനെതിരെ അന്‍വര്‍ മുന്നോട്ടു പോകുമ്പോള്‍ പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ പോലുള്ള ബാഹ്യശക്തികളാണെന്നാണ് അജിത് കുമാറിന്റെ മറുവാദം. എന്നാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ആഞ്ഞടിക്കുന്ന അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പുതിയ പരാതികളിലും ശശിക്കെതിരെ പരാമര്‍ശമൊന്നുമില്ല. ശശിക്കെതിരെയും പരാതി നല്‍കുമെന്ന് അന്‍വര്‍ പറഞ്ഞിരുന്നു.

തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. വന്‍ശക്തികള്‍ക്കെതിരെയാണ് പോരിനിറങ്ങിയിരിക്കുന്നതെന്ന് അറിയാമെന്നും താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്‍പ് പറഞ്ഞിരുന്ന അന്‍വര്‍ കുടുംബത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. വധഭീഷണിയുള്ളതിനാല്‍ കുടുംബത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്തു നല്‍കി.

ഊമക്കത്തു വഴിയാണ് കുടുംബത്തെ അപായപ്പെടുത്തുമെന്ന ഭീഷണി ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. കത്ത് അന്‍വര്‍ പൊലീസ് മേധാവിക്ക് കൈമാറി. തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സിന് അന്‍വര്‍ മുന്‍പ് അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി തലസ്ഥാനത്തുള്ള അന്‍വര്‍ എഡിജിപിക്കെതിരായ ആക്രമണം കടുപ്പിക്കുകയാണ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട് ബിജെപിക്കാരായ പ്രതികളെ രക്ഷിക്കാന്‍ അജിത്കുമാര്‍ അന്വേഷണം അട്ടിമറിച്ചതു സംബന്ധിച്ചും സോളര്‍ കേസ് പ്രതിയെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ടും അന്വേഷണം വേണമെന്നാണ് ഡിജിപിക്ക് നല്‍കിയ പുതിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

അജിത്കുമാര്‍ അനധികൃതമായി വിദേശയാത്രകള്‍ നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്തിലൂടെയടക്കം സമ്പാദിക്കുന്ന പണം നിക്ഷേപിക്കാനാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സുജിത് ദാസ് മലപ്പുറം എസ്പിയായിരിക്കെ കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പുതിയ കെട്ടിടം നിര്‍മിച്ചതു സ്വര്‍ണക്കള്ളക്കടത്തുകാരില്‍നിന്നും ക്വാറി ഉടമകളില്‍നിന്നും വന്‍തോതില്‍ പണം പിരിച്ചാണെന്നും അതിനു പിന്നിലെ തട്ടിപ്പും അന്വേഷിക്കണമെന്നുമാണ് മറ്റൊരു ആവശ്യം.

അജിത് കുമാറിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിനു പകരം അജിത്കുമാറിനു പറയാനുള്ള കാര്യങ്ങളാണു ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കേട്ടത്. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് അജിത്കുമാര്‍ രേഖാമൂലം മുന്‍പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, പരാതിക്കാരനെന്ന നിലയിലാണ് അദ്ദേഹത്തെ കേട്ടത്. വിശദമായ ചോദ്യാവലിയുമായി ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അജിത്കുമാറിനെ വീണ്ടും കാണുമെന്നാണു വിവരം. ആദ്യ മൊഴിയെടുപ്പില്‍ ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ല. പി.വി.അന്‍വര്‍ മുഖ്യമന്ത്രിക്കു രേഖാമൂലം നല്‍കിയ പരാതിയില്‍ അജിത്കുമാറിനെതിരെ ആര്‍എസ്എസ് ബന്ധം പരാമര്‍ശിക്കാത്തതാണു കാരണം. രണ്ടാം ചോദ്യം ചെയ്യലില്‍ ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടും.

ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളില്‍ അപ്പോള്‍ വ്യക്തത തേടും. എല്ലാ ചോദ്യങ്ങള്‍ക്കും രേഖാമൂലം തന്നെ മറുപടി നല്‍കാമെന്നാണ് അജിത്കുമാറിന്റെ നിലപാട്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തയാറാണെന്നും ഉടന്‍ കൈമാറാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആര്‍എസ്എസ് ബന്ധം, തൃശൂര്‍ പൂരം കലക്കല്‍, സ്വര്‍ണക്കടത്തു സംഘങ്ങളുമായുള്ള ബന്ധം എന്നിവയടക്കം അജിത്കുമാറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയമാണു ഡിജിപിക്കു സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയവിവാദമായി കത്തിപ്പടര്‍ന്ന സാഹചര്യത്തില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയിലുള്ള അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി നേരത്തേ കൈമാറിയേക്കും. അതേസമയം, അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതിയില്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്‌തെങ്കിലും ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *