നടി മലൈകയുടെ രണ്ടാനച്ഛൻ്റെ മരണത്തിന് കാരണം തലക്കേറ്റ ക്ഷതം; കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി
മുംബൈ ∙ നടിയും മോഡലുമായ മലൈക അറോറയുടെ വളർത്തച്ഛൻ അനിൽ മേത്ത കെട്ടിടത്തിൽനിന്നു വീണു മരിച്ചതിൽ മലൈകയുടെ അമ്മ ജോയ്സിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് മേത്തയെ ബാന്ദ്രയിലെ താമസ സമുച്ചയത്തിന്റെ ആറാം നിലയിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
തലയിലെ ഗുരുതര മുറിവാണ് മരണകാരണമെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഭാര്യ ജോയ്സ് അടക്കമുള്ള കുടുംബാംഗങ്ങൾ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഫൊറൻസിക് വിദഗ്ധരടക്കം തെളിവുകൾ ശേഖരിച്ചു.
അനിലിന്റെ ചെരിപ്പ് മുറിയിൽ കിടക്കുന്നുണ്ടായിരുന്നെന്നും അദ്ദേഹം എവിടെയെന്നു നോക്കുന്നതിനിടെയാണ് കെട്ടിടത്തിന്റെ താഴെനിന്ന് സഹായം തേടി വാച്ച്മാന്റെ കരച്ചിൽ കേട്ടതെന്നും ജോയ്സ് പൊലീസിനോടു പറഞ്ഞു. രക്തത്തിൽ കുളിച്ച നിലയിൽ കിടന്നിരുന്ന മേത്തയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അടുത്തയിടെ അസ്വസ്ഥനായിരുന്നെന്നും മരണത്തിനു മുൻപ് മലൈക അറോറയെ ഫോണിൽ വിളിച്ച് ക്ഷീണിതനാണെന്ന് അനിൽ മേത്ത പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്.