അതിജീവനത്തിനായി ഓണപ്പാട്ട് പുറത്തിറക്കി ജോൺ എഫ് കെന്നഡി സ്കൂൾ
കരുനാഗപ്പള്ളി: വയനാട്ടിലെ സഹോദരങ്ങളുടെ അതിജീവനത്തിനായി ഓണപ്പാട്ട് പുറത്തിറക്കി ജോൺ എഫ് കെന്നഡി സ്കൂൾ
സ്കൂളിലെ ഓണഘോഷങ്ങളോടനുബന്ധിച്ച് വയനാട്ടിലെ സഹോദരങ്ങളുടെ അതി ജീവനത്തിനായി ഓണപ്പാട്ട് പുറത്തിറക്കി മാതൃകയാവുകയാണ് ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ. സ്കൂളിലെ അദ്ധ്യാപകനായ സുധീർ ഗുരുകുലം രചിച്ച വരികൾ സ്കൂൾ വിദ്യാർത്ഥികളായ ജീവിൻ സജി, സ്വാതിക സന്തോഷ് , വിസ്മയ വിനോദ് ,നാദിയ എസ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
സ്കൂളിലെ അദ്ധ്യാപകനായ ഹാഫിസ് വെട്ടത്തേരിലിൻ്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് എഡിറ്റ് ചെയ്ത് ആൽബമാക്കി പുറത്തിറക്കിയിരിക്കുന്നത്. ആൽബം കേൾക്കുന്നതിനൊപ്പം ഈ ആഘോഷ വേളയിൽ വയനാട്ടിലെ സഹോദരങ്ങൾക്കായി സഹായം നൽകണമെന്നും ഇങ്ങനെ ലഭിക്കുന്ന മുഴുവൻ തുകയും കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ കൈ വിടില്ല കരുനാഗപ്പള്ളി ക്യാമ്പയിൻ്റെ ഭാഗമായി വയനാട്ടിൽ നിർമ്മിക്കുന്ന വീടിൻ്റെയും വായനശാലയുടെയും നിർമ്മാണത്തിന് കൈ മാറും എന്ന അഭ്യർത്ഥന സ്കൂൾ ചെയർമാൻ വസുദേവും ലീഡർ മുഹമ്മദ് ഷിഹാസും മുന്നോട്ട് വയ്ക്കുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാറും മാനേജർ മായ ശ്രീകുമാറും ചേർന്ന് ആൽബത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചു.