വിധവയിൽ നിന്ന് 56,000 രൂപ തട്ടിയെടുത്ത കേസിൽ ‘മാട്രിമോണിയൽ വരൻ ‘അറസ്റ്റിൽ
മുംബൈ / ഗോരേഗാവ് : വിവാഹത്തിൻ്റെ മറവിൽ സ്ത്രീകളെ വശീകരിക്കുന്നതിനായി മാട്രിമോണിയൽ സൈറ്റുകളിൽ വിവിധ പേരുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച തട്ടിപ്പുകാരനെ ബംഗൂർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. സൈറ്റുകളിലൂടെ കണ്ടെത്തുന്ന യുവതികളുമായി അടുത്തബന്ധം സ്ഥാപിക്കുകയും വിവാഹ വാഗ്‌ദാനം നൽകി പണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു..COVID-19 മൂലം ഭർത്താവിനെ നഷ്ടപ്പെട്ട 34 കാരിയായ വിധവയാണ് കേസിലെ പ്രധാന ഇര. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ടാം വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റുകളിൽ പരതിക്കാരിയായ യുവതി പേര് രജിസ്റ്റർ ചെയ്തിരുന്നു..
മാട്രിമോണിയൽ വെബ്‌സൈറ്റിലൂടെ, സാഗർ ഗുപ്തെ (35) എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളിൽ നിന്ന് വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതികരണം യുവതിക്ക് ലഭിക്കുകയും ചെയ്തു. നേരിട്ട് കണ്ടിട്ടില്ലെങ്കിലും പിന്നീടിവർ പതിവായി ഫോൺ വഴി ബന്ധപ്പെടുകയും ഇതിനിടയിൽ ഗുപ്‌തെ യുവതിയിൽ നിന്ന് പലകാര്യങ്ങൾ പറഞ്ഞു മയക്കി പണം വാങ്ങികൊണ്ടിരിക്കുകയും ചെയ്തു. മറ്റൊരു മാട്രിമോണിയൽ സൈറ്റിൽ യുവതി തൻ്റെ അനുജത്തിക്ക് വേണ്ടി വരനെ തിരയുന്നതിനിടയിൽ തനിക്ക് വിവാഹവാഗ്‌ദാനം നൽകിയ വ്യക്തിയെ മറ്റൊരു പേരിൽ കണ്ടപ്പോഴാണ് താൻ പറ്റിക്കപ്പെട്ടതായി വിധവയായ യുവതി തിരിച്ചറിയുന്നത്.
തട്ടിപ്പ് മനസ്സിലാക്കിയ അവർ ബംഗൂർ നഗർ പോലീസിനെ സമീപിക്കുകയും സെപ്റ്റംബറിൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു.ഇരയായ പെൺകുട്ടി പോലീസിന് നൽകിയ മൊഴി അനുസരിച്ച്, താനൊരു വ്യവസായി ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ ഗുപ്‌ത, ജോലിയുടെ പേരിൽ പലപ്പോഴും നഗരത്തിന് പുറത്ത് പോകാറുണ്ടെന്ന് അവകാശപ്പെട്ട് കൊണ്ടാണ് പരാതിക്കാരിയുമായി ബന്ധം സ്ഥാപിച്ചത്. ഫോൺ വഴിയുള്ള സംസാരത്തിലൂടെ ബന്ധം ദൃഢമാക്കിയ ഇയാൾ പല കാരണങ്ങൾ പറഞ്ഞുകൊണ്ട് ഇരയിൽ നിന്ന് 56,000 രൂപ തട്ടിയെടുത്തു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഈ വാദങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. പരാതി ലഭിച്ചയുടൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആനന്ദ് ഭോയ്‌റ്റെ, സീനിയർ പോലീസ് ഇൻസ്‌പെക്ടർ അനിൽ താക്കറെ എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് പോലീസ് ഇൻസ്‌പെക്ടർ വിവേക് താംബെയും സംഘവും അന്വേഷണം ആരംഭിക്കുകയും മൊബൈൽ കോൾ റെക്കോർഡുകളുടെ സാങ്കേതിക വിശകലനത്തിലൂടെ, പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറസ്റ്റിന് ശേഷമാണ് ഗുപ്‌തെയുടെ യഥാർത്ഥ പേര് സാഗർ കൃഷ്ണകുമാർ ഘോഷാൽക്കർ ആണെന്നും . ഗോരേഗാവ് വെസ്റ്റിലെ നീലം അപ്പാർട്ട്‌മെൻ്റിലാണ് ഇയാൾ താമസിക്കുന്നതെന്നും പോലീസ് കണ്ടെത്തിയത് . ഐപിസി, ഐടി ആക്ടിലെ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്ത ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിൽ, ഘോഷാൽക്കറുടെ മൊബൈൽ ഫോണിൽ നിന്ന് മാട്രിമോണിയൽ സൈറ്റുകളിൽ വ്യത്യസ്ത പേരുകളുള്ള നിരവധി വ്യാജ പ്രൊഫൈലുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട് . കൂടുതൽ ഇരകളെ പോലീസ് തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.