സ്വിസ് ബാങ്കുകളിലെ മരവിപ്പിച്ച ഫണ്ടുകളെക്കുറിച്ചുള്ള ഹിൻഡൻബർഗ് അഭിപ്രായം അദാനി ഗ്രൂപ്പ് നിഷേധിച്ചു
മുംബൈ ∙ ഹിൻഡൻബർഗിന്റെ പുതിയ ആരോപണത്തെ തള്ളി അദാനി ഗ്രൂപ്പ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സ്വിറ്റ്സർലൻഡിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 5 ബാങ്ക് അക്കൗണ്ടുകളിലായുള്ള 31 കോടി ഡോളറിന്റെ (ഏകദേശം 2,600 കോടി രൂപ) നിക്ഷേപം സ്വിസ് അന്വേഷണ ഏജൻസികൾ മരവിപ്പിച്ചു എന്നാണ് ഹിൻഡൻബർഗ് തൊടുത്തുവിട്ട പുതിയ ആരോപണം. തികച്ചും അവാസ്തവവും അസംബന്ധവും അന്യായവുമായ ആരോപണമാണിതെന്നു പ്രതികരിച്ച് അദാനി ഗ്രൂപ്പും രംഗത്തെത്തി.
ഗ്രൂപ്പിന്റെ പ്രതിഛായ കളങ്കപ്പെടുത്താനുള്ള ഹിൻഡൻബർഗിന്റെ മറ്റൊരു ശ്രമം മാത്രമാണിതെന്നും വാർത്താക്കുറിപ്പിലൂടെ അദാനി ഗ്രൂപ്പ് പ്രതികരിച്ചു. നികുതിഭാരമില്ലാത്ത രാജ്യങ്ങളായ ബ്രിട്ടിഷ് വിർജിൻ ഐലൻഡ്സ്, മൗറീഷ്യസ്, ബർമുഡ എന്നിവിടങ്ങളിലെ ചില കടലാസ് കമ്പനികളുമായി ബന്ധപ്പെട്ട നിക്ഷേപമാണു മരവിപ്പിച്ചതെന്നും ഈ കമ്പനികൾക്ക് അദാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപമുണ്ടെന്നും സ്വിറ്റ്സർലൻഡിലെ ക്രിമിനൽ കോടതിയുടെ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് ഹിൻഡൻബർഗ് പറയുന്നു.
2021 മുതൽ സ്വിറ്റ്സർലൻഡിലെ ജനീവ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നുണ്ടെന്നും സമൂഹമാധ്യമമായ എക്സിൽ ഹിൻഡൻബർഗ് വ്യക്തമാക്കി. സ്വിസ് ഓൺലൈൻ മാധ്യമമായ ഗോഥം സിറ്റിയാണ് ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടതെന്നും ഹിൻഡൻബർഗ് പറഞ്ഞു.
ആരോപണങ്ങൾ നിഷേധിച്ച അദാനി ഗ്രൂപ്പ്, സ്വിറ്റ്സർലൻഡിലെ അന്വേഷണത്തിലോ സ്വിസ് കോടതികളിൽ ഇതു സംബന്ധിച്ചു നടക്കുന്ന വ്യവഹാരങ്ങളിലോ ഗ്രൂപ്പിന് ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. സ്വിസ് കോടതിയുടെ ഒരു ഉത്തരവിലും അദാനി ഗ്രൂപ്പ് കമ്പനികളുടെ പേര് പരമാർശിച്ചിട്ടില്ല. അന്വേഷണ ഏജൻസികളും ഗ്രൂപ്പിനെ ബന്ധപ്പെട്ടിട്ടില്ല. ഹിൻഡൻബർഗിന്റെ ആരോപണങ്ങളെല്ലാം സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
അദാനി ഗ്രൂപ്പിനെതിരെ ഹിൻഡന്‍ബർഗ് തൊടുക്കുന്ന ആരോപണശരങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ചത്. 2023 ജനുവരിയിലായിരുന്നു ആദ്യ ആരോപണം. വിദേശത്ത് കടലാസ് കമ്പനികൾ സ്ഥാപിച്ച് അതുവഴി അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തിയെന്നും അതുവഴി ഓഹരിവില കൃത്രിമമായി പെരുപ്പിച്ചു നേട്ടമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം.
ഇക്കാര്യം അന്വേഷിക്കേണ്ട ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവി മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും വിദേശ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് ഓഹരികളിൽ നിക്ഷേപമുണ്ടെന്നും അദാനിക്കെതിരെ അന്വേഷണത്തിന് സെബി മടിക്കുന്നതിന്റെ കാരണം ഇതാണെന്നും ആരോപിച്ച് അടുത്തിടെയും ഹിൻഡൻബർഗ് രംഗത്തെത്തിയിരുന്നു. അദാനിക്കും സെബിക്കും എതിരായ ആരോപണങ്ങൾ രാജ്യത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ പാർലമെന്റ് അക്കൗണ്ട് കമ്മിറ്റി മാധബിയെ ചോദ്യം ചെയ്തേക്കുമെന്നാണു സൂചനകൾ.
അദാനി ഓഹരികൾ സമ്മിശ്രംഹിൻഡൻബർഗിന്റെ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സമ്മിശ്ര പ്രതികരണമാണ് ഇന്ന് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ നേടുന്നത്. എസിസി, അദാനി വിൽമർ, അംബുജ സിമന്റ്സ്, എൻഡിടിവി എന്നിവ 0.4 മുതൽ 1.54% വരെ നേട്ടത്തിലാണുള്ളത്. അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്സ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ് 0.14% മുതൽ 1.73% വരെ നഷ്ടത്തിലുമാണു വ്യാപാരം പുരോഗമിക്കുന്നത്.