ഏറ്റുമുട്ടി പ്രതിപക്ഷവും ബിജെപിയും; ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. അസ്വസ്ഥതയുണ്ടാക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നിരയിലെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. ഗണപതി പൂജ കുറ്റകരമല്ലെന്നും രാഷ്ട്രീയ നേതൃത്വവും ജഡ്ജിമാരും പലവേദികളും ഒരുമിച്ച് പങ്കിടാറുണ്ടെന്നും വിശദീകരിച്ച് ബിജെപി ഇതിന് മറുപടി നല്‍കി.
ചീഫ് ജസ്റ്റിസിന്റെ ഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടന്ന ഗണപതി പൂജയിലാണ് പ്രധാനമന്ത്രി സന്ദര്‍ശകനായി എത്തിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അദ്ദേഹത്തിന്റെ ഭാര്യ കല്‍പന ദാസും ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയില്‍ പങ്കുചേര്‍ന്നതായി അറിയിച്ച് ചിത്രങ്ങളും പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ചിരുന്നു.
ഇത്തരം കൂടിക്കാഴ്ചകള്‍ ചില സംശയങ്ങള്‍ക്കിടയാക്കുന്നുവെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനകള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇത് ഗണപതി ഉത്സവമാണ്. പ്രധാനമന്ത്രി ഇതുവരെ എത്ര ആളുകളുടെ വീടുകള്‍ സന്ദര്‍ശിച്ചു? എനിക്ക് ഒരു വിവരവുമില്ല. ഡല്‍ഹിയില്‍ പലയിടത്തും ഗണേശോത്സവം ആഘോഷിക്കാറുണ്ട്. പക്ഷേ, പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന്റെ വീട്ടിലേക്ക് മാത്രമാണ് പോയത്, ഒപ്പം പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒരുമിച്ച് ആരതി നടത്തി, ഭരണഘടനയുടെ സംരക്ഷകര്‍ ഈ രീതിയില്‍ രാഷ്ട്രീയ നേതാക്കളെ കണ്ടാല്‍ ആളുകള്‍ക്ക് സംശയമുണ്ടാകും’, സഞ്ജയ് റാവത്ത് പറഞ്ഞു.
ഗണപതിപൂജ വ്യക്തിപരമായ കാര്യമാണ്. പക്ഷേ, അതിന്റെ ചിത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ചില സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ടെന്ന് ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. നടപടിയില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ജുഡീഷ്യറിയുടെയും എക്സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ചവരുത്തി. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്ര നിലപാടുകളിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ നടപടിയെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അപലപിക്കണമെന്നും ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.