നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ, തീരുമാനം അനന്തമായി നീണ്ടുപോകരുത്; ADGP-RSS കൂടിക്കാഴ്ച
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ സി.പി.ഐ. നിലപാടില്‍ മാറ്റമില്ലെന്നും ആ നിലപാടില്‍നിന്ന് മുന്നോട്ടോ പിറകോട്ടോ ഇല്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എ.ഡി.ജി.പി എന്തിന് വേണ്ടി വീണ്ടും വീണ്ടും ആര്‍.എസ്.എസ് നേതാക്കളെ നടന്നുകാണുന്നു എന്നതാണ് വിഷയം. കേരളത്തിലെ ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി. ആര്‍.എസ്.എസിന്റെ മേധാവികളുമായിട്ട് നടത്തുന്ന ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് എന്ത് അടിസ്ഥാനമാണുള്ളതെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ആ ചോദ്യം ശരിയാണ്. നിലപാട് നിലപാട് തന്നെയാണ്, അതില്‍ മാറ്റമില്ലെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണറിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് മാനിക്കാനുള്ള രാഷ്ട്രീയബോധം ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുണ്ട്. എന്നുകരുതി അനന്തമായി നീണ്ടുപോകണമെന്നല്ല. മുന്നണിക്ക് വേണ്ടി സി.പി.ഐ.ക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു. സി.പി.ഐ.യുടെ കാര്യമല്ലാതെ മറ്റൊന്നും തനിക്ക് പറയാനില്ല. അത് വീണ്ടും ആവര്‍ത്തിക്കേണ്ടകാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി.ക്ക് ആര്‍.എസ്.എസിന്റെ മേധാവികളെ ഊഴമിട്ട് ഊഴമിട്ട് പോയി കാണേണ്ടകാര്യമെന്താണ്. എല്‍ഡിഎഫിനും ആര്‍എസ്എസിനുമിടയില്‍ പുതുതായി യാതൊന്നുമില്ല. ആര്‍എസ്എസിന്റെ ആശയത്തെയും പ്രത്യയശാസ്ത്രത്തെയും നിരന്തമായി എതിര്‍ക്കുന്ന രാഷ്ട്രീയചേരിയാണ് എല്‍ഡിഎഫ്. ആ എല്‍ഡിഎഫ് നേതാക്കള്‍ക്ക് ആര്‍എസ്എസുമായി ഒരു ബന്ധവുമില്ല.
എല്‍.ഡി.എഫിന്റെ രാഷ്ട്രീയത്തിന്റെയും നിലപാടിന്റെയും ആശയത്തിന്റെയും കരുത്തുറ്റ ഭാഗമാണ് സി.പി.ഐ. ആരെങ്കിലും മാടിവിളിച്ചാല്‍ അതിനു പുറകെപോകാന്‍ നില്‍ക്കുന്ന പാര്‍ട്ടിയല്ല. എല്‍.ഡി.എഫിന്റെ ഇടതുപക്ഷ മൂല്യങ്ങളെയും ഇടതുപക്ഷ ആശയങ്ങളെയും ഇടതുപക്ഷ ശരികളെയും ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് സി.പി.ഐ. അങ്ങനെയുള്ള പാര്‍ട്ടിയെ ആരെങ്കിലും ഞൊടിച്ചുവിളിച്ചാല്‍ പോവില്ലെന്നത് ഹസ്സനും കൂട്ടുകാരും മനസിലാക്കിയാല്‍ മതി. സ്വന്തം യുഡിഎഫിലെ കാര്യങ്ങള്‍ നടത്താന്‍ ശ്രമിക്കുക എന്നതാണ് ഹസ്സനും കൂട്ടുകാരും ചെയ്യേണ്ടത്. അദ്ദേഹം മറ്റുകാര്യങ്ങള്‍ ആലോചിച്ച് തലപുണ്ണാക്കേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.