ഉത്തർപ്രദേശിലെ കാൺപൂരിൽ ദേശീയ പാതയിൽ തലയില്ലാത്ത നഗ്നമായ മൃതദേഹം കണ്ടെത്തി
കാന്‍പുര്‍: ദേശീയപാതയില്‍ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാന്‍പുരിന് സമീപം ഗുജനിയില്‍ ബുധനാഴ്ച രാവിലെ 06:15-ഓടെയാണ് നടുക്കുന്ന സംഭവം. ബലാത്സംഗം ചെയ്ത് കൊന്ന ശേഷം തല വെട്ടി മൃതദേഹം ദേശീയപാതയില്‍ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ മൃതദേഹം ലഭിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. മൂന്ന് സംഘങ്ങളായാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.
സമീപത്തെ സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മൃതദേഹം ലഭിച്ച സ്ഥലത്തിന് സമീപമുള്ള എതിര്‍വശത്തുള്ള ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറയില്‍ ഒരു യുവതി ദേശീയപാതയിലൂടെ നടന്നുപോകുന്നതായി കണ്ടിട്ടുണ്ട്. മൃതദേഹം ലഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള ദൃശ്യമാണ് ഇത്. കൊല്ലപ്പെട്ട യുവതിയാകാം ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. ദൃശ്യത്തിലെ യുവതി ധരിച്ച അതേ നിറത്തിലുള്ള വസ്ത്രത്തിന്റെ അവശിഷ്ടങ്ങള്‍ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചിട്ടുണ്ട്. കൂടുതലെന്തെങ്കിലും തുമ്പ് ലഭിക്കുമോ എന്നറിയാനായി പോലീസ് സി.സി.ടി.വി. ദൃശ്യം വിശദമായി പരിശോധിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള, സ്ത്രീകളെ കാണാതായ സംഭവങ്ങളൊന്നും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങള്‍ നാട്ടുകാരെ കാണിച്ച് യുവതിയെ തിരിച്ചറിയാനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി എല്ലിന്റേയും പല്ലിന്റേയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.
രക്തം മരവിപ്പിക്കുന്ന സംഭവമാണ് ഇതെന്നും കുറ്റവാളികളെ കണ്ടെത്തി, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്ത തരത്തില്‍ ശിക്ഷിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി ബി.ജെ.പി. സര്‍ക്കാര്‍ സംഭവം അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.