ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകം അരങ്ങേറുന്നു;കുഴിയെടുത്തു, മൂടിയത് ആരെന്നറിയില്ലെന്ന് അജയൻ

0

കലവൂർ∙ കൊച്ചി സ്വദേശി സുഭദ്രയുടെ കൊലപാതകക്കേസിൽ പൊലീസ് തിരയുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസിന്റെ നിർദേശപ്രകാരമാണ് കോർത്തുശേരിയിൽ മാത്യൂസും ഭാര്യ ശർമിളയും വാടകയ്ക്കു താമസിക്കുന്ന വീട്ടുവളപ്പിൽ കുഴിയെടുത്തതെന്ന‌് അജയൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ശുചിമുറിയുടെ അറ്റകുറ്റപ്പണി നടത്താനാണ് ഒരു മാസം മുൻപ് മാത്യൂസ് അജയനെ പണിക്കു വിളിച്ചത്. ഒരു ദിവസത്തെ പണി പൂർത്തിയായ ശേഷമാണു ശുചിമുറിക്കു സമീപം നീളത്തിൽ കുഴിയെടുക്കാൻ ആവശ്യപ്പെട്ടത്. പിറ്റേ ദിവസം പണിക്കെത്തിയപ്പോൾ കുഴി മൂടിയ നിലയിൽ കണ്ടു. ചോദിച്ചപ്പോൾ തൊഴിലുറപ്പുകാർ മാലിന്യം ഇട്ടു കുഴി മൂടിയെന്നു പറഞ്ഞു. കുഴി മൂടിയതിന്റെ മുകളിലിട്ടാണു ശുചിമുറിയുടെ അറ്റകുറ്റപ്പണികൾക്കുള്ള കോൺക്രീറ്റ് കൂട്ടിയതെന്നും അജയൻ പൊലീസിനു മൊഴി നൽകി.

ലില്ലി മണം പിടിച്ചു; സ്ഥലം തെറ്റിയില്ല
കലവൂർ∙ കോർത്തുശേരിയിലെ വീട്ടുപരിസരത്തു കുഴിച്ചിട്ട സുഭദ്രയുടെ മൃതദേഹം കൃത്യമായി കണ്ടെത്തിയതു പൊലീസ് ഡോഗ് സ്ക്വാഡിലെ കഡാവർ ഡോഗ് ലില്ലിയുടെ (മായ) മിടുക്ക്. മണ്ണിനടിയിലെ മൃതദേഹ സാന്നിധ്യം തിരിച്ചറിയുന്നതിൽ പരിശീലനം ലഭിച്ചവയാണു കഡാവർ നായകൾ. തിങ്കളാഴ്ചയാണ് എറണാകുളത്തു നിന്നു മായയെ എത്തിച്ചു പരിശോധന നടത്തിയത്.കുഴിക്കു സമീപത്തു മൃതദേഹത്തിന്റെ മണം പിടിച്ചു മായ പൊലീസ് ഉദ്യോഗസ്ഥർക്കു സൂചന നൽകുകയായിരുന്നു. ‌ഇന്ത്യയിലെ ആദ്യത്തെ കഡാവർ ഡോഗുകളിലൊന്നാണു മായ. കേരള പൊലീസിലെ തന്നെ മർഫിയാണു മറ്റൊന്ന്.2020ൽ പെട്ടിമുടി ദുരന്തം, 2021ൽ കൊക്കയാർ പൂവഞ്ചിയിലുണ്ടായ ഉരുൾപൊട്ടൽ, വയനാട് ഉരുൾപൊട്ടൽ എന്നിവിടങ്ങളിലായി ഇരുപത്തഞ്ചോളം മൃതദേഹങ്ങൾ കണ്ടെത്തി. വയനാട്ടിൽ രണ്ടാഴ്ചയിലേറെ സേവനമനുഷ്ഠിച്ചിരുന്നു.

ഇലന്തൂർ നരബലി കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായതു കേസ് അന്വേഷണത്തെ തന്നെ ഏറെ സഹായിച്ച നേട്ടമായി. പാലക്കാട് വടക്കഞ്ചേരിയിൽ കാട്ടിൽ കാണാതായവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതു മായയാണ്.ബെൽജിയൻ മലെന്വ വിഭാഗത്തിൽപെട്ടതാണു മായ. ഐഎസ് ഭീകരരായ ബിൻ ലാദനെയും അബു ബെക്കർ അൽ ബഗ്ദാദിയെയും കണ്ടെത്തിയത് ഈ ഇനത്തിൽപെട്ട നായയാണ്. തൃശൂർ പൊലീസ് അക്കാദമിയിൽ നിന്ന് 2020 ബാച്ചിലാണു പരിശീലനം പൂർത്തിയാക്കിയത്. പി.പ്രഭാത്, കെ.എം.മനേഷ് എന്നിവരാണു മായയുടെ പരിശീലകർ.മനുഷ്യശരീരത്തിലെ രക്തം, മാസം, എല്ലുകൾ, എന്നിവയുടെ മണം മണ്ണിനടിയിൽ നിന്നു തിരിച്ചറിഞ്ഞാണു കഡാവർ ഡോഗ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. മൃതദേഹം ഉണ്ടെന്നു മനസ്സിലായാൽ കുരച്ചു ശബ്ദമുണ്ടാക്കും. തുടർന്ന് അവിടെ ഇരിപ്പുറപ്പിക്കും. പരിശീലകൻ പറഞ്ഞാൽ മാത്രമേ പിന്നീട് ഇവർ ഈ സ്ഥലത്തുനിന്നു മാറുകയുള്ളു.

കുഴിയെടുത്തയാൾക്ക് നെഞ്ചുവേദന; മെഡിക്കൽ കോളജിൽ ചികിത്സയിൽ
കലവൂർ ∙ കൊച്ചി സ്വദേശി സുഭദ്രയുടെ മൃതദേഹം മറവുചെയ്യാനുള്ള കുഴിയെടുത്തതുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിൽ എടുത്തയാൾ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ.കാട്ടൂർ കിഴക്കേവെളിയിൽ വീട്ടിൽ ഡി.അജയനാണ്(39) ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ  തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഒൻപതിനാണ് അജയനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അജയനെ പൊലീസ് തന്നെയാണ് ആദ്യം ചെട്ടികാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.അജയനു ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *