പ്രസ്മീറ്റിനിടെ ശബ്‍ദമിടറി ടൊവിനോ; ഭീകര പ്രതിസന്ധികളില്‍ പിന്തുണച്ചത് ആ മനുഷ്യന്‍
‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ പ്രസ്മീറ്റിൽ വികാരാധീനനായി ടൊവിനോ തോമസ്. സിനിമയുടെ പിന്നിലെ കഷ്ടപ്പാടുകളെക്കുറിച്ചും അതിജീവിച്ച പ്രതിസന്ധികളെക്കുറിച്ചും ഓർത്തെടുത്തപ്പോഴാണ് ടൊവിനോയുടെ വാക്കുകൾ ഇടറിയത്. ഒരുപാട് വെല്ലുവിളികള്‍ ആ സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായിരുന്നു. മാറി നിന്ന് കരഞ്ഞിട്ടുണ്ട്, തല്ലുകൂടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട് എല്ലാം ഇപ്പോള്‍ മനോഹരമായ ഓര്‍മകളാണ് എന്ന് പറയുമ്പോഴേക്കുമാണ് ടൊവിനോയുടെ കണ്ണ് ഈറനണിഞ്ഞത്. ആ സമയത്തൊക്കെ ഏറ്റവും അധികം പിന്തുണ തന്നത് തിരക്കഥാകൃത്തായ സുജിത്ത് ആയിരുന്നുവന്നും ടൊവിനോ പറഞ്ഞു.
‘‘നല്ല ചൂട് ഉള്ളപ്പോഴും നല്ല തണുപ്പ് ഉള്ളപ്പോഴും ഒട്ടും സൗകര്യങ്ങള്‍ ഇല്ലാതെയുമൊക്കെ ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യേണ്ടിവന്നിട്ടുണ്ട്. അന്നൊക്കെ നമ്മള്‍ ഒരു സിനിമയെടുക്കാന്‍ ഇറങ്ങിയിരിക്കുന്നുവെന്ന് ഒരു സംഘം ആളുകള്‍ ഒരേ മനസോടെ പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രം സംഭവിച്ച ഒരു സിനിമയാണ് ഇത്. ഓരോരുത്തരുടെയും പേര് എടുത്ത് പറയാനാണെങ്കില്‍ സുജിത്തേട്ടന്‍ ആയിരുന്നു ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സപ്പോര്‍ട്ട് സിസ്റ്റം. തുടക്കം മുതല്‍ അതിഭീകര പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ തമാശയാണ്. അന്നൊക്കെ ഞങ്ങളൊക്കെ ഒരുമിച്ചിരുന്ന് കരഞ്ഞിട്ടുണ്ട്, തല്ല് കൂടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്. അന്ന് ഒരു സപ്പോര്‍ട്ട് സിസ്റ്റം സുജിത്തേട്ടന്‍ ആയിരുന്നു. നമുക്ക് പ്രശംസ വേണം. നന്നായി ചെയ്താല്‍ പ്രശംസ കിട്ടണം, മോശമായി ചെയ്താല്‍ വിമര്‍ശിക്കണം. ആ സമയത്ത് നിരന്തരമായി കിട്ടിക്കൊണ്ടിരുന്ന അഭിനന്ദനങ്ങൾ ആയിരുന്നു എന്‍റെ ഊര്‍ജം. എന്‍റെ ചുറ്റും ഉണ്ടായിരുന്നവരൊക്കെ സുഹൃത്തുക്കള്‍ ആയിരുന്നു. എല്ലാവരും നല്ല പണിയെടുത്തിരുന്നു. ഇവരെ എല്ലാവരെയും ഒരു ചേട്ടന്‍റെ സ്ഥാനത്ത് നിന്ന് പിന്തുണച്ചത് സുജിത്തേട്ടന്‍ ആയിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മറ്റൊരു സംഭവം ഉണ്ടായി. ഇതെവിടെയെങ്കിലും പറയാതെ പോവാന്‍ കഴിയില്ല. ഷൂട്ടിങ് നടക്കുന്നത് കുറച്ച് ഉള്ളിലോട്ടാണ്. അവിടെ ഒരു വാട്ടര്‍ ടാഗങ്ക് മുഴുവന്‍ വെള്ളം നിറച്ചുകൊണ്ടാണ് ചിത്രീകരണം. എന്നാല്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ടാങ്ക് ലീക്കായി വെള്ളം മുഴുവന്‍ പുറത്തേക്ക് പോയി. സാധാരണ ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകളുടെ ഒരു ദിവസത്തെ കോള്‍ ഷീറ്റ് രാവിലെ ആറര മുതല്‍ രാത്രി ഒന്‍പതര വരെയൊക്കെയാണ്. അതിനപ്പുറത്തേക്ക് പോയാല്‍ രണ്ട് ദിവസത്തെ കോള്‍ഷീറ്റ് ആവും. അത് നിര്‍മാതാവിന് അധിക ചെലവാണ്.
ലൊക്കേഷന്റെ പൈസ ഒഴികെ, മറ്റെല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ഡബിള്‍ ബാറ്റ നല്‍കേണ്ടതായി വരും. അന്ന് ടാങ്ക് ലീക്കായപ്പോള്‍, അത് വീണ്ടും വെള്ളം നറച്ച് ഷൂട്ട് ചെയ്യുമ്പോഴേക്കും ഒന്‍പതര കഴിഞ്ഞ്, പുലര്‍ച്ചെ രണ്ട് മണിവരെ ഷൂട്ട് പോയി. എന്നാല്‍ ആ സീനില്‍ അഭിനയച്ചവരാരും ഡിബിള്‍ ബാറ്റ വാങ്ങിയില്ല. ‘എന്താണ് സംഭവിച്ചത് എന്ന് ഞങ്ങള്‍ കണ്ടതല്ലേ, നമ്മുടെ ആരുടെയും തെറ്റ് കൊണ്ടല്ലല്ലോ, ഞങ്ങള്‍ക്ക് സിംഗിള്‍ ബാറ്റ മതി’, എന്നവര്‍ പറഞ്ഞു. അത്രയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ സിനിമ സംഭവിച്ചത്.’’ ടൊവിനോ പറയുന്നു.