20 കിലോമീറ്റർ യാത്രകൾക്ക് ഇനി ടോള്‍ വേണ്ട; ഫാസ്ടാഗിനു പകരം ഒബിയു വരുന്നു; അറിയാം പുതിയ സംവിധാനം
ന്യൂഡൽഹി:ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിന് വിരാമമിടാൻ ദേശീയപാത നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) ഓൺ ബോർഡ് യൂണിറ്റുകൾ (ഒബിയു) ഘടിപ്പിച്ച വാഹനങ്ങൾക്ക് സഞ്ചരിക്കുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ സ്വയം ടോൾ അടക്കാനുള്ള സംവിധാനമാണ് നിലവിൽ വരുന്നത്. 2008-ലെ ദേശീയ പാത ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
പുതിയ സംവിധാനത്തിൽ 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമായിരിക്കില്ല. 20 കിലോമീറ്ററിൽ കൂടിയാൽ സഞ്ചരിച്ച മൊത്തം ദൂരത്തിനും ടോൾ ബാധകമായിരിക്കും. ടോൾ പാതകളിലൂടെ ദിവസവും കുറഞ്ഞ ദൂരം സഞ്ചരിക്കുന്നവർക്ക് ഇത് ഉപകാരപ്രദമാണ്. പുതിയ ഭേദഗതി നടപ്പിലാക്കുന്നതോടെ ദേശീയപാതയിലെ ടോൾ നിരക്കുകളിൽ മാറ്റമുണ്ടാകും. പുതുക്കിയ ചട്ടങ്ങൾ പ്രകാരം ഫങ്ഷണൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) ഉള്ള സ്വകാര്യ വാഹന ഉടമകൾക്ക് ടോൾ ടാക്സ് ഇളവുകൾ ലഭിക്കുന്നതായിരിക്കും.
ഫാസ്ടാഗുകൾക്ക് സമാനമായാണ് ഒബിയു വിതരണം. ഇത് റീച്ചാർജ് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തിൽ വാണിജ്യ വാഹനങ്ങളിലായിരിക്കും ജിഎൻഎസ്എസ് ഉപയോഗിക്കുക. പ്രധാന പാതക്ക് മാത്രമായിരിക്കും ടോൾ. ടോൾ ബാധകമായ സഞ്ചാരപാത മാപ്പിൽ അടയാളപ്പെടുത്തിയത് എസ്എംഎസ് ആയി അയച്ചു നൽകും. ഓടുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ചാർജുകൾ കുറയ്ക്കും.